കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) കോവിഡ്-19 മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ തെക്ക്, വടക്കന്‍, മധ്യ മേഖലകളിലെ നാല് സ്ഥലങ്ങളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചൊല്ലി അനാവശ്യമായ ഒരു വിവാദമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും അതിനെ എതിര്‍ക്കുകയാണ് തങ്ങളുടെ ദൗത്യമെന്നാണ് ചിലര്‍ കരുതുന്നത്. ഒരു പ്രദേശത്തെ എംപിയോ എംഎല്‍എയോ ആയാല്‍ അവിടുത്തെ ജനങ്ങളുടെ വികാരം ഇളക്കിവിടുക എന്ന പതിവ് അവസരം ലഭിക്കുമ്പോഴൊക്കെ ആവര്‍ത്തിക്കുകയാണ് തങ്ങളുടെ ധര്‍മമെന്ന് കരുതുന്ന ചില നേതാക്കളുമുണ്ട്. അത്തരക്കാരാണ് ഇപ്പോള്‍ ഈ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
തിരുവന്തപുരത്ത് എല്ലാ വര്‍ഷവും നടത്തുന്ന ചലച്ചിത്ര മേള കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തവണ തിരുവന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നീ സ്ഥലങ്ങളില്‍ കൂടി നടത്താന്‍ തീരുമാനിച്ചത്. ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്തും ഫെബ്രുവരി 17 മുതല്‍ 21 വരെ എറണാകുളത്തും ഫെബ്രുവരി 23 മുതല്‍ 27 വരെ പാലക്കാട്ടും മാര്‍ച്ച് 1 മുതല്‍ 5 വരെ തലശേരിയിലുമായാണ് മേള നടത്തുന്നത്. ഏകദേശം 14,000 ഡെലിഗെറ്റുകള്‍ പ്രതിവര്‍ഷം പങ്കെടുക്കുന്ന മേള പതിവ് തെറ്റിക്കാതെ തിരുവനന്തപുരത്തു മാത്രമായി ഒന്‍പത് ദിവസം നീളും വിധം നടത്തുന്നത് മഹാമാരി കാലത്ത് ഒട്ടും ആശാസ്യമല്ല. തലസ്ഥാനത്തെ മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടും വിധം മേള നടത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. മറിച്ച് മേളക്ക് പകരം വികേന്ദ്രീകൃതമായ ചലച്ചിത്ര പ്രദര്‍ശനം ആണ് ഇപ്പോഴത്തെ നിലയില്‍ ആശാസ്യം. കോവിഡ് പ്രോട്ടോകോള്‍ ഫലപ്രദമായി പാലിക്കാനും ഡെലിഗേറ്റുകള്‍ക്ക് നീണ്ട യാത്രയും മറ്റ് അസൗകര്യങ്ങളും ഒഴിവാക്കി ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും ഇതുവഴി സാധിക്കും.
ഇത് കോവിഡ് മൂലമുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തി മാത്രമെടുത്ത തീരുമാനമാണെന്നും അടുത്ത വര്‍ഷങ്ങളില്‍ തിരുവനന്തപുരം തന്നെ വേദിയായി തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കാതെയാണ് മേള തിരുവന്തപുരത്തു നിന്ന് മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗൂഢോലോചനയുടെ ഭാഗമാണ് ഈ വര്‍ഷത്തെ മാറ്റമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവന്തപുരം എംപി ശശി തരൂരും അരുവിക്കര എംഎല്‍എ എസ്.ശബരീനാഥും ഈ നിലപാട് സ്വീകരിക്കുമ്പോള്‍ ഒരു തരം വില കുറഞ്ഞ പ്രാദേശിക വാദികളുടെ നിലവാരത്തിലേക്ക് അവര്‍ തരംതാഴുകയാണ് ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്ന് വേദി മാറ്റിയാല്‍ 25 വര്‍ഷമായി നടത്തിവരുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ബ്രാന്റിംഗിന് ഇടിവ് തട്ടുമെന്ന് അവര്‍ ആരോപിക്കുന്നു.
ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തെ മറ്റിടങ്ങളിലും നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടികാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢോലോചനാ സിദ്ധാന്തത്തിലേക്ക് എത്തിചേര്‍ന്നിരിക്കുന്നത്. സ്ഥിരംവേദി തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്റെ ഇപ്പോഴത്തെ ഉറപ്പിനേക്കാള്‍ അവര്‍ മുഖവിലക്കെടുക്കുന്നത് രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി നടത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.
വേദി മാറ്റുന്നതു വഴി ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (ഫിയാഫ്) അംഗീകാരം ഐഎഫ്എഫ്കെക്ക് നഷ്ടമാകുമെന്നാണ് വാദം. ഫിയാഫിന്റെ അംഗീകാരം എന്നത് ഒരു രാജ്യാന്തര ചലചിത്ര മേളക്ക് അത്രയൊന്നും പ്രധാനമല്ലെന്നാണ് ചലചിത്ര രംഗത്തെ പ്രമുഖര്‍ ചൂണ്ടികാട്ടുന്നത്. ലോകത്ത് പല മേളകളും ഓണ്‍ലൈന്‍ വഴി കാണാവുന്ന സൗകര്യം കൂടി ഏര്‍പ്പെടുത്തി പരിമിതമാക്കിയപ്പോള്‍ അത് ചെയ്യാതെയാണ് ഐഎഫ്എഫ്കെ നാലിടത്തായാണെങ്കിലും തുടര്‍ച്ച നഷ്ടപ്പെടുത്താതെ നടത്തുന്നത്. ചലചിത്ര പ്രേമികളെ സംബന്ധിച്ചിടത്തോളം അത് ശ്ലാഘനീയമായ നടപടിയാണ്. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ചലച്ചിത്രകാരന്‍മാര്‍ പുതിയ രൂപത്തിലുള്ള മേളക്ക് എല്ലാ പിന്തുണയും അറിയിച്ചത്. മറിച്ചുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീലാക്കോടെ മാത്രമുള്ളതാണ്.