മതേതരത്വം എന്നത് ജനാധിപത്യം, സമത്വം തുടങ്ങിയ ആധുനിക മൂല്യങ്ങളെ പോലെയാണെന്നും അത് നിലനിര്‍ത്തേണ്ടത് ആധുനിക സമൂഹത്തിന്റെ ആവശ്യമാണെന്നുമുള്ള ചിന്താഗതിയില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. ജനാധിപത്യത്തിന് യോജിക്കാത്ത നിലയില്‍ നീങ്ങുകയും ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ പോലും ജനാധിപത്യത്തിന്റെ മഹത്വത്തെ കുറിച്ച് അവസരം കിട്ടുമ്പോഴൊക്കെ വാചക കസര്‍ത്ത് നടത്താന്‍ മടിക്കാറില്ല. ജനാധിപത്യത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഒരു മുഖംമൂടി ധരിക്കുക എന്നത് രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിന് ആവശ്യമാണ്.
എന്നാല്‍ മതേതരത്വത്തിന്റെ കാര്യത്തില്‍ അത്തരമൊരു മുഖംമൂടി പോലും ആവശ്യമില്ലെന്ന നിലയിലേക്ക് അധോഗമനം സംഭവിച്ചുകഴിഞ്ഞു. ജനാധിപത്യം പോലെ അംഗീകരിക്കപ്പെടേണ്ടതാണ് മതേതരത്വം എന്ന നിലപാടില്‍ നിന്നും പിന്നോക്കം പോകുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്. മതേതരത്വത്തെ പരസ്യമായി തള്ളിപ്പറയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും മതചിഹ്നങ്ങള്‍ പൊതുചടങ്ങുകളില്‍ പ്രദര്‍ശിപ്പിക്കാനും ചില നേതാക്കളും അവരുടെ പാര്‍ട്ടിയും ഒരുങ്ങുന്നത് അതുകൊണ്ടാണ്.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഹിന്ദു പൂജാരിമാരെ കൊണ്ടുവരുന്നതും പ്രധാനമന്ത്രി ഹൈന്ദ ആചാര പ്രകാരം കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പങ്കാളിയാകുന്നതും ഒരു മതേതര സര്‍ക്കാര്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പ്രധാനമന്ത്രി വ്യക്തിപരമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും പ്രാര്‍ത്ഥന നടത്താനും താല്‍പ്പര്യമെടുക്കുന്നത് അനുചിതമല്ലെങ്കിലും പൊതുചടങ്ങുകളില്‍ താന്‍ ഒരു മതത്തിന്റെ പ്രതിനിധിയാണെന്ന് വിളിച്ചുപറയുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നത് മതേതരത്വത്തിനോടുള്ള വെല്ലുവിളി തന്നെയാണ്.
ഈ വെല്ലുവിളി പ്രധാനമന്ത്രിയുടെ പാര്‍ട്ടിയുടെ അണികളും പരസ്യമായി ഉയര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭാ ഓഫീസില്‍ കണ്ടത്. പാലക്കാട് നഗരസഭയില്‍ വിജയം നേടിയ ബിജെപി ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി നഗരസഭാ മന്ദിരത്തില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനര്‍ തൂക്കിയത് മതേതരത്വത്തിനോടുള്ള പരസ്യമായ ധിക്കാര പ്രകടനമായിരുന്നു. ബാബ്റി മസ്ജിദ് തകര്‍ത്ത സമയത്ത് കര്‍സേവകര്‍ കാട്ടിയ ആഹ്ലാദപ്രകടനത്തിന് സമാനമായ ശരീരഭാഷയാണ് പാലക്കാട് നഗരസഭയില്‍ ശ്രീരാമന്റെ ബാനര്‍ തൂക്കിയ ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. ഹിന്ദുരാഷ്ട്രവാദം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി പുലര്‍ത്തുന്ന തീവ്ര വര്‍ഗീയതയുടെ ദംഷ്ട്രകളാണ് ആ ഒരു സന്ദര്‍ഭത്തില്‍ പുറത്തേക്ക് പ്രത്യക്ഷമായത്.
ഈ സംഭവം ഒരു കൂട്ടം പ്രവര്‍ത്തകരുടെ അതിരു കടന്ന ആഹ്ലാദപ്രകടനമായി മാത്രം കാണുന്നത് മത തീവ്രവാദികള്‍ക്ക് കുടചൂടുന്നതിന് തുല്യമാണ്. ശ്രീരാമന്‍ എന്ന ഹിന്ദുദൈവത്തിന്റെ ചിത്രം ഒരു നഗരസഭാ മന്ദിരത്തിന്റെ ചുവരില്‍ തൂക്കുന്നത് മറ്റ് മതങ്ങള്‍ക്കും ഹൈന്ദവേതരമായ വിശ്വാസത്തിനുള്ള അവകാശങ്ങള്‍ക്കും എതിരായ ഒരു തരം കര്‍സേവ തന്നെയാണ്. ബിജെപിയുടെ വിജയം തീവ്രവാദിയായ ഹിന്ദുവിന്റെ വിജയമാണ് എന്ന് വിളിച്ചുപറയുന്ന ഈ പ്രവൃത്തി ഒരു മതരാഷ്ട്രത്തില്‍ മാത്രം സംഭവിക്കുന്ന തരത്തിലുള്ളതാണ്. ഈ സംഭവത്തോട് മൃദുസമീപനം കൈകൊള്ളുന്നവര്‍ വരാനിരിക്കുന്ന കൂടുതല്‍ വലിയ അപകടങ്ങള്‍ക്കുള്ള വഴി ഒരുക്കുന്നതിന് കൂട്ടുനില്‍ക്കുന്ന ഫലമാണ് ചെയ്യുന്നത്.
മതേതരത്വത്തിനു വേണ്ടി വാദിക്കുന്നവരെ വര്‍ഗീയവാദികള്‍ പുച്ഛിക്കുന്ന പ്രവണത സാമൂഹ്യമാധ്യമങ്ങളില്‍ സാധാരണമായിട്ടുണ്ട്. നേരത്തെ രാത്രി ഒളിച്ചിരുന്ന് ചെയ്തിരുന്ന തെറ്റ് ഇപ്പോള്‍ പകല്‍ വെളിച്ചത്തില്‍ എല്ലാവരും കാണ്‍കെ ചെയ്യുന്ന ശരിയായി സ്വീകരിക്കപ്പെടുന്ന രീതിയിലേക്കുള്ള മാറ്റമാണ് ഇത്. വര്‍ഗീയത പരസ്യമായി പറയുന്നത് തെറ്റാണ് എന്നൊരു തോന്നല്‍ നേരത്തെയുണ്ടായിരുന്നെങ്കില്‍ ഇന്ന് അത് മാറിക്കഴിഞ്ഞു. പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ പ്രതീകമായി പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മതേതരത്വം പരിഹസിക്കപ്പെടേണ്ടതാണെന്ന വിചാരത്തിന് പ്രചാരം കൂടുന്നത് സ്വാഭാവികമാണ്.