സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് യു.എന്‍. സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണം. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രതിനിധി സ്റ്റീഫന്‍ ഡുജാരിക് വ്യക്തമാക്കി.
നേരത്തെ, വിദേശ നയതന്ത്ര പ്രതിനിധികളും രാഷ്ട്ര നേതാക്കളും കര്‍ഷക സമരത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ എല്ലാം തന്നെ ‘അനവസരത്തിലുള്ള അനാവശ്യ വിവരക്കേടുകള്‍’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തിയത്.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ചെവിക്കൊള്ളണം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ ടൂഡോ നടത്തിയ പരാമര്‍ശം, ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും, അത് ഇനിയും ആവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കും എന്നും കേന്ദ്രസര്‍ക്കാര്‍ ശാസിച്ചിരുന്നു. കാനഡയോടുള്ള പ്രതിഷേധമെന്നോണം കോവിഡ് യോഗത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.
അതേസമയം, മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സമരസമിതി. ഭേദഗതി നിര്‍ദേശം അംഗീകരിക്കില്ല. താങ്ങ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വകാര്യ വ്യാപാരികളും വിളകള്‍ വാങ്ങില്ലെന്ന ഉറപ്പാണ് വേണ്ടത്. പ്രധാനമന്ത്രിയുടെ യോഗത്തിലെ ഫോര്‍മുല അറിയട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചുവെങ്കിലും നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.