തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഇന്ന് വൈകിട്ടോടെ തെളിയും. ഇന്നാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വൈകിട്ട് മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. ഇതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് മൂന്ന് മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കും. നാട്ടില്‍ അറിയപ്പെടുന്ന പേരോ ജോലി സംബന്ധമായ വിശേഷണങ്ങളോ കൂട്ടിചേര്‍ക്കാന്‍ വരണാധികാരിക്ക് അപേക്ഷ നല്‍കാം.
അതേസമയം പലയിടങ്ങളിലും വിമതശല്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. കോണ്‍ഗ്രസിനാണ് കൂടുതല്‍ വിമതരുള്ളത്. കെപിസിസിയുടെ നേതൃത്വത്തില്‍ പരാതി പരിഹരിക്കാന്‍ പ്രത്യേക സമിതി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ച് കത്ത് നല്‍കാനുള്ള അവസാന ദിവസവും ഇന്നാണ്. 1,66,000 പത്രികകളാണ് നിലവിലുള്ളത്. അടുത്തമാസം ഏട്ട് മുതല്‍ മൂന്ന് ഘട്ടമായാണ് വോട്ടെടെപ്പ്.
ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടമായി ഡിസംബര്‍ പത്തിന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് വോട്ടെടുപ്പ് നടക്കും. മൂന്നാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനാല് തിങ്കളാഴ്ചയാണ്. അന്നേ ദിവസം മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം.












