1998 മുതല്‍ 2015 വരെ 17 വര്‍ഷം സിപിഎമ്മിന്റെ കേരള ഘടകത്തെ അടക്കിവാണ പിണറായി വിജയന്‍ പാര്‍ട്ടി ചട്ടങ്ങള്‍ സെക്രട്ടറി സ്ഥാനത്തു വീണ്ടും തുടരാന്‍ അനുവദിക്കാത്തതു കൊണ്ടാണ് പദവിയൊഴിഞ്ഞത്. 2015ല്‍ ആ സ്ഥാനത്തെത്തിയ കോടിയേരി ബാലകൃഷ്‌ണന് പിണറായി വിജയനെ പോലെ അനുവദനീയമായ പരമാവധി കാലയളവ് സെക്രട്ടറിയായി തുടരാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. അതിനിടെയാണ് ഇടിത്തീ പോലെ ഇഡിയുടെ കേസില്‍ കുടുങ്ങി മകന്‍ ബിനീഷ് കോടിയേരി ജയിലിലായത്. അതോടെ അര്‍ബുദ ചികിത്സക്ക് വേണ്ടിയാണെന്ന കാരണം പുറത്തു പറഞ്ഞാണെങ്കിലും പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരന്റെ സ്ഥാനം അദ്ദേഹത്തിന് താല്‍ക്കാലികമായി ഒഴിയേണ്ടി വന്നു.
സിനിമയിലെ വിജയനെയും ദാസനെയും പോലെയായിരുന്നു പാര്‍ട്ടിയില്‍ പിണറിയായിലെ വിജയനും കോടിയേരിയിലെ ബാലകൃഷ്‌ണനും. പ്രായത്തിലെ മൂപ്പും കഴിവും മൂലം വിജയന്‍ ആദ്യമേ നേടിയെടുത്ത സ്ഥാനങ്ങളെല്ലാം പിന്നീട് `ദാസന്’ കരഗതമാവുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട കേസില്‍ യൗവനകാലത്ത് ഇരുവരും പ്രതി ചേര്‍ക്കപ്പെട്ട കാലം മുതലേയുണ്ട് ആ ഒരുമ. പിണറായി സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ സര്‍വാധിപത്യം കൈവിടാതെ തന്നെ ചുമതല കൈമാറിയത് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തനായ കോടിയേരിക്കാണ്. തന്നെ പോലെ ഒരു `ഫുള്‍ റൈഡ്’ ആത്മമിത്രത്തിനും സെക്രട്ടറി സ്ഥാനത്ത് ലഭിക്കണമെന്ന് പിണറായിക്കും ആഗ്രഹമുണ്ടായിരുന്നു.
പിണറായി പാര്‍ട്ടിയിലെ ഉന്നതങ്ങളിലേക്ക് വളര്‍ന്ന് വന്‍മരമായി മാറിയത് വെല്ലുവിളികളും വീഴ്‌ചകള്‍ ഒഴിവാക്കാനുള്ള ആത്മവീര്യവും കൈമുതലാക്കിയാണ്. 1998ല്‍ സംസ്ഥാന സെക്രട്ടറിയായത് അന്നത്തെ പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ വി.എസ്.അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ ആയിരുന്നുവെങ്കിലും പിന്നീട് ഏറ്റവും കൂടുതല്‍ ആ സ്ഥാനത്തിരുന്നതിന്റെ റെക്കോഡ് സൃഷ്‌ടിച്ചത് അതേ വി.എസിനെ പോരില്‍ തോല്‍പ്പിച്ചാണ്. ഒരു ഘട്ടത്തില്‍ പിണറായിയില്‍ നിന്ന് സെക്രട്ടറി സ്ഥാനം തിരിച്ചുപിടിക്കാന്‍ വി.എസ് തന്നെ ആ സ്ഥാനത്തേക്ക് മത്സരിച്ചു. ആ കടുത്ത വെല്ലുവിളി പിണറായി നേരിട്ടത് കരുനീക്കത്തിനുള്ള അസാധാരണമായ സാമര്‍ത്ഥ്യവും ഇച്ഛാശക്തിയും കൊണ്ടാണ്. പിന്നീട് പാര്‍ട്ടിയില്‍ സര്‍വാധിപതിയായി പിണറായി മാറുന്നതാണ് കണ്ടത്.
പിണറായിയുടെ കരിയറിലേതു പോലെ നാടകീയമായിരുന്നില്ല കോടിയേരിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ വഴിത്തിരിവുകള്‍. എന്നും വിജയന്റെ `ദാസനാ’യി തുടര്‍ന്നതിനുള്ള പ്രതിഫലം അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നു. തനിക്ക് വഴിയൊരുക്കിയ വി.എസിനോട് തന്നെ ഇടയുകയും പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌ത പിണറായിയെ പോലെ ആയിരുന്നില്ല കോടിയേരി. പിണറായി ചെയ്യുന്നതിനെല്ലാം കോടിയേരിയുടെ ഒത്താശകള്‍ എന്നുമുണ്ടായിരുന്നു. കോടിയേരി സെക്രട്ടറിയായപ്പോഴും പിണറായി പാര്‍ട്ടിയിലെ സര്‍വാധിപത്യം തുടര്‍ന്നു. കഴിഞ്ഞ നാലര കൊല്ലമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഭരണതീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുമ്പോഴും സെക്രട്ടറിയെന്ന നിലയിലുള്ള ഇടപെടലിന് കോടിയേരി ഒരിക്കലും മുതിര്‍ന്നില്ല.
പിണറായി മാധ്യമങ്ങളുമായി ഒരു കാലത്തും സമരസപ്പെടാതെ പോയെങ്കില്‍ കോടിയേരി അക്കാര്യത്തില്‍ വ്യത്യസ്‌തനായിരുന്നു. മാധ്യമങ്ങളുടെ മുന്നില്‍ എപ്പോഴും ചിരിക്കുന്ന മുഖവുമായി എത്തിയ അദ്ദേഹം മക്കളുണ്ടാക്കിയ പുകിലുകള്‍ക്കിടയിലും പിണറായി വിജയന്‍ നേരിട്ട വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാധ്യമവിചാരണക്ക് അത്രക്കൊന്നും ഇരയായില്ല. മാധ്യമങ്ങളുമായി സൗഹൃദം പുലര്‍ത്തുന്നതില്‍ രാഷ്‌ട്രീയ നേതാവ് എന്ന നിലയില്‍ പിണറായിയേക്കാള്‍ കോടിയേരി തന്ത്രജ്ഞത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിണറായി പാര്‍ട്ടിക്ക് അകത്തു പുറത്തും നടത്തിയ പോരാട്ടങ്ങള്‍ക്കിടയില്‍ ഒരിക്കലും നേരിടാത്ത തിരിച്ചടിയാണ് അനുനയത്തിന്റെ പാത എപ്പോഴും സ്വീകരിച്ച കോടിയേരിക്ക് നേരിടേണ്ടി വന്നത്.
ഒരു സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെടുകയും സ്രോതസ് വെളിപ്പെടുത്താനാകാത്ത പണം കൈകാര്യം ചെയ്യുകയും ചെയ്‌തതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നത് തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിയി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് മേല്‍ എന്നും കളങ്കമായി അവശേഷിക്കും. മക്കളുടെ ദുഷ്‌ചെയ്‌തികളുടെ പേരില്‍ കീഴ്‌ഘടകങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരായ പിതാക്കള്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ അച്ചടക്ക നടപടിയുടെ വാളോങ്ങാറുള്ള പാര്‍ട്ടി പക്ഷേ മയക്കുമരുന്ന് കേസിലെ പ്രതിയുടെ പിതാവായ സംസ്ഥാന സെക്രട്ടറിക്ക് സംരക്ഷണത്തിന്റെ തൂവല്‍സ്‌പര്‍ശമാണ് ആദ്യമൊക്കെ നല്‍കിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ സെക്രട്ടറിക്കുള്ള ഈ പ്രത്യേക പരിഗണന തുടരുന്നത് അപകടമാണെന്ന ബോധ്യമാണ് കോടിയേരി `താല്‍ക്കാലികമായി സ്വയം ഒഴിയുന്നതിന്’ വഴിവെച്ചത്.