English हिंदी

Blog

സംസ്ഥാന സര്‍ക്കാരിനെ അലട്ടികൊണ്ടിരിക്കുന്ന ചില പ്രശ്‌നങ്ങളിന്മേല്‍ ഒടുവില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിടാന്‍ തയാറായി. ലൈഫ്‌ മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ വിജിലന്‍സ്‌ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. വിജിലന്‍സ്‌ അന്വേഷണം നടത്തുമെന്ന്‌ നേരത്തെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നുവെങ്കിലും പിന്നീട്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മെല്ലെപോക്ക്‌ സമീപനം സ്വീകരിക്കുകയായിരുന്നു. ഒടുവില്‍ സിബിഐ അന്വേഷണത്തിനെത്തുന്നുവെന്ന സൂചന ലഭിച്ചതോടെയാണ്‌ സര്‍ക്കാര്‍ അന്വേഷണത്തിന്‌ മുതിരുന്നതെന്നാണ്‌ ആരോപണം. എന്നാല്‍ സിബിഐ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നതു കൊണ്ടാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്തുന്നതെന്ന വാദത്തില്‍ അടിസ്ഥാനമില്ലെന്ന്‌ സര്‍ക്കാര്‍ പറയുന്നു.

ലൈഫ്‌ മിഷന്റെ വടക്കാഞ്ചേരി ഫ്‌ളാറ്റ്‌ പദ്ധതിയില്‍ ഉണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന ക്രമകേടുകളെ കുറിച്ചാണ്‌ പ്രധാനമായും വിജിലന്‍സ്‌ അന്വേഷിക്കുന്നത്‌. സ്വര്‍ണ കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കമ്മിഷന്‍ ലഭിച്ചുവെന്ന വെളിപ്പെടുത്തലിനെ കുറിച്ചും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പദ്ധതിയിലെ പങ്കിനെ കുറിച്ചും അന്വേഷണമുണ്ടാകും.

Also read:  ഹോമിയോ പ്രതിരോധ മരുന്ന്‌ ശാസ്‌ത്രീയമാണോ?

ലൈഫ്‌ മിഷന്റെ വടക്കാഞ്ചേരി ഫ്‌ളാറ്റ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കമ്മിഷന്‍ നല്‍കിയെന്നതിനെ കുറിച്ച്‌ പാര്‍ട്ടി ചാനലായ കൈരളി തന്നെ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവ്‌ കൂടിയായ ജോണ്‍ ബ്രിട്ടാസ്‌ പണം കൈമാറിയ സ്ഥലത്തെ കുറിച്ചു വരെ പാര്‍ട്ടി ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പക്ഷേ വിജിലന്‍സ്‌ അന്വേഷണത്തില്‍ ഇതുവരെ മെല്ലെപോക്ക്‌ സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചുവന്നത്‌. ഒടുവില്‍ വിജിലന്‍സിന്‌ അന്വേഷണ ഉത്തരവ്‌ നല്‍കുന്നത്‌ സിബിഐ ഇതേ കുറിച്ച്‌ അന്വേഷണം നടത്തുന്നുവെന്ന സൂചന ലഭിക്കുന്ന സാഹചര്യത്തിലാണ്‌.

Also read:  മാവോയിസ്റ്റ്‌ വേട്ടയില്‍ കേരളം ബീഹാറിനോട്‌ മത്സരിക്കുകയാണോ?

സീസറിന്റെ ഭാര്യ സംശയത്തിന്‌ അതീതയായിരിക്കണമെന്ന്‌ ഈയിടെ ഒരു മന്ത്രി പറഞ്ഞത്‌ സര്‍ക്കാരിനെ സംബന്ധിച്ചാണെന്ന വ്യാഖ്യാനമുണ്ടായെങ്കിലും താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം എന്ത്‌ ഉദ്ദേശിച്ചാലും സ്വര്‍ണകടത്ത്‌ മുതല്‍ ഫ്‌ളാറ്റ്‌ നിര്‍മാണ പദ്ധതിയിലെ കമ്മിഷന്‍ വരെയുള്ള നിരവധി ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ സാധാരണക്കാരുടെ മനസിലേക്ക്‌ കടന്നുവരുന്നത്‌ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പുറത്തിറങ്ങിയ ഒരു കോടതി വിധിന്യായത്തിലെ ഈ പ്രശസ്‌തമായ ഉദ്ധരണിയാണ്‌. സീസറിന്റെ ഭാര്യ സംശയത്തിന്‌ അതീതയായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നെങ്കില്‍ സര്‍ക്കാരിന്‌ നേരത്തെ തന്നെ അന്വേഷണം നടത്താമായിരുന്നു.

തന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസിലിരിക്കട്ടെയെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ്‌ അന്വേഷണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞത്‌. അന്വേഷണ പ്രഖ്യാപനത്തിനു ശേഷവും പൊട്ടിത്തെറിയും രോഷ പ്രകടനവും മുഖ്യമന്ത്രി വിഘ്‌നമില്ലാതെ തുടരുന്നു. മന്ത്രി ജലീലിനെ എന്‍ഐഎയും ഇഡിയും ചോദ്യം ചെയ്‌തതില്‍ യാതൊരു തെറ്റുമില്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രിക്ക്‌ അതേ യുക്തിയോടെ തന്നെ ചോദ്യം ചെയ്യുമോയെന്ന എന്ന ചോദ്യത്തെയും നേരിടാവുന്നതേയുള്ളൂ. പക്ഷേ ഈയിടെ വികാരപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനങ്ങളുടെ ഒഴിവാക്കാനാകാത്ത ഭാഗമായി തീര്‍ന്നെന്നു തോന്നുന്നു. കോവിഡ്‌ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ എല്ലാ ദിവസവും നടന്നിരുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിര്‍മമത്വത്തോടെയും ശാന്തതയോടെയും പുഞ്ചിരിയോടെയും പ്രത്യക്ഷപ്പെട്ടിരുന്ന മുഖ്യമന്ത്രിയെയല്ല കുറെ നാളുകളായി കാണുന്നത്‌.