ഐ പി എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടി. നിർണ്ണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആറ് വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെട്ടു. അവസാനബോൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ രവീന്ദ്ര ജഡേജയാണ് ചെന്നൈയ്ക്ക് ജയം സമ്മാനിച്ചത്.
സ്കോർ:
കൊൽക്കത്ത 172/5 (20)
ചെന്നൈ 178/4 (20)
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ഗില്ലും നിതീഷ് റാണയും മികച്ച തുടക്കമാണ് നൽകിയത്. അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഗിൽ 26(17) പുറത്തായത്. പിന്നീടങ്ങോട്ട് കൊൽക്കത്തയെ റാണ ഒറ്റയ്ക്ക് നെഞ്ചിലേറ്റി. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും റാണ തളർന്നില്ല. 61 ബോളിൽ 87 റൺസെടുത്താണ് റാണ മടങ്ങിയത്. അവസാനഓവറുകളിൽ കാർത്തിക്കിൻ്റെ 21 (10) തകർപ്പനടികൾ കൊൽക്കത്തയെ മികച്ച ടോട്ടലിൽ എത്തിച്ചു.
ചെന്നൈയും അതേ നാണയത്തിലാണ് മറുപടി തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ വാട്സനും ഗെയ്ക്ക് വാദും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. വാട്സൻ പുറത്തായ ശേഷമെത്തിയ അമ്പാട്ടി റായ്ഡു, ഗെയ്ക്ക് വാദിന് മികച്ച പിന്തുണ നൽകി. എന്നാൽ റായ്ഡു 38(20) പുറത്തായതോടെ കാര്യങ്ങൾ അവതാളത്തിലായി. ക്യാപ്റ്റൻ ധോനിയും പെട്ടെന്ന് മടങ്ങി. 18-ാം ഓവറിൽ ഗെയ്ക്ക് വാദും 72(53) പുറത്തായി. അവസാന രണ്ട് ഓവറിൽ 30 റൺസാണ് ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. 19-ാം ഓവറിൽ ജഡേജയും സാം കറനും ചേർന്ന് 20 റൺസ് അടിച്ചെടുത്തു. അവസാനഓവറിൽ ജയിക്കാൻ വേണ്ടത് 10 റൺസ് ! അഞ്ചാം പന്ത് സിക്സടിച്ച് സ്കോർ ഒപ്പമെത്തിച്ച ജഡേജ അവസാന പന്തും സിക്സറിന് പറത്തി ചെന്നൈയ്ക്ക് വിജയവും സമ്മാനിച്ചു. 11 ബോളിൽ 31 റൺസാണ് ജഡേജ അടിച്ചെടുത്തത്. തോൽവിയോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഇനിയുള്ള ഒരു മത്സരം ജയിച്ചാലും കൊൽക്കത്തയ്ക്ക് പ്ലേ ഓഫിൽ കടക്കണമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാകണം.












