Web Desk
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ പാക്കേജുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നിരസിച്ച മാനേജ്മെന്‍റുകളാണ് പുതിയ പാക്കേജുമായി രംഗത്തെത്തിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയത്. ജനറല്‍ വാര്‍ഡ് 750 രൂപ, ഓക്‌സിജന്‍ സൗകര്യമുളള വാര്‍ഡ് 1250 രൂപ, ഐസിയു 1500 രൂപ, വെന്റിലേറ്റര്‍ 2000 രൂപ എന്നീ നിരക്കുകളും പരമാവധി ഒരു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ തുച്ഛമായ തുകയായതിനാല്‍ ഈ പാക്കേജ് അംഗീകരിക്കാനാകില്ലെന്ന് മാനേജ്‌മെന്‍റുകള്‍ സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം, മാനേജ്‌മെന്‍റുകള്‍ പ്രഖ്യാപിച്ച പാക്കേജ് സാധാരാണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ജനറല്‍ വാര്‍ഡിന് 2700 രൂപ, ഓക്‌സിജന്‍ സൗകര്യമുളള വാര്‍ഡ് 3500 രൂപ, ഐസിയു 6500 രൂപ, വെന്റിലേറ്റര്‍ 11000 രൂപ എന്നിങ്ങനെയാണ് അവര്‍ നിര്‍ദേശിച്ചിരിക്കുന്ന നിരക്കുകള്‍. അതോടൊപ്പം പരമാവധി ഒരു ലക്ഷം രൂപയെന്ന വ്യവസ്ഥയും മാനേജ്‌മെന്‍റുകള്‍ തളളി.
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് ചികിത്സയില്‍ പങ്കാളികളാക്കുന്നത്. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രി നിശ്ചയിച്ചിട്ടുളള ബില്‍ സര്‍ക്കാര്‍ നല്‍കണം. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് കോവിഡ് ചികിത്സ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഇതിനേക്കാള്‍ മികച്ച നിരക്കിലാണ് പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി നനടത്തിയ ചര്‍ച്ചയില്‍ മാനേജ്‌മെന്‍റുകള്‍ അറിയിച്ചു.