കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തിയുണ്ടെന്നും നിക്ഷേപകര്‍ വ്യക്തമാക്കി.
എംഎല്‍എയുടെ ഉപ്പളയിലെ വീട്ടിലേക്കാണ് നിക്ഷേപകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം. ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ 87 വഞ്ചന കേസുകളില്‍ പ്രതിയാണ്.
ഓഗസ്റ്റ് 27നാണ് 3 നിക്ഷേപകരുടെ പരാതിയില്‍ എം.സി കമറുദ്ദീനെതിരെ ആദ്യത്തെ 3 വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുകള്‍ കൂടിയതോടെ അന്വേഷണം ക്രൈംബ്രാഞ്ചും പിന്നീട് എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ഏറ്റെടുത്തു. എന്നാല്‍ രണ്ട് മാസമായിട്ടും പ്രതികളെ ചോദ്യം ചെയ്യുക പോലും ഉണ്ടായില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.