Web Desk
മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷ്ണര്‍ (ഓപ്പറേഷന്‍സ്) പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂറും മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
ജൂലൈ 15 വരെയാണ് നിരോധനാജ്ഞ. ആളുകള്‍ക്ക് കൂട്ടംകൂടിനില്‍ക്കാന്‍ അനുവാദമില്ല. ഒറ്റയ്ക്ക് മാത്രം പുറത്തിറങ്ങാം. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്. ആളുകള്‍ കൂട്ടംകൂടുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നും ഇത് മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണിയാണെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കും ഇളവുകള്‍ ഉണ്ട്. മറ്റിടങ്ങളില്‍ അവശ്യ ആശുപത്രി സേവനങ്ങൾക്കും അടിയന്തര സേവനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.