1986-2021 പിന്നിട്ട 35 വർഷങ്ങൾ, ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവാസിമലയാളികൾക്ക് എപ്പോഴും അവരുടെ ഏത് അവശ്യഘട്ടത്തിലും ആശ്രയിക്കാൻ കഴിയുന്ന ഒരു സ്ഥാപനമായി സതേൺ സ്റ്റാർ നിലകൊള്ളണം എന്നതായിരുന്നു.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എനിക്കതിൽ അഭിമാനം മാത്രം.
സതേൺ സ്റ്റാറിന്റെ ജീവത്മാവും പരമാത്മവുമായ പി. ആർ. നായർ പറയുന്നു.
നല്ലൊരു ജീവിതം സ്വപ്നം കണ്ട് ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിച്ചു മഹാ നഗരങ്ങളിലേക്ക് ചേക്കേറിയ ലക്ഷക്കണക്കിന് മലയാളികളുണ്ട്. തങ്ങളെ ആശ്രയിച്ചു നാട്ടിൽ കഴിയുന്നവർക്ക് വേണ്ടി ഇന്നും അതു തുടരുന്നു.
ഇന്നത്തേതിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വന്ന അവർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ ഒന്ന് കൂട്ടിമുട്ടിക്കാൻ അവർക്ക് അഹോരാത്രം ബുദ്ധിമുട്ടേണ്ടി വന്നു എന്നിട്ടും ജീവിതചിലവുകൾക്ക് മുൻപിൽ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞിരുന്നുള്ളു. “മദ്രാസ്സി” എന്നുള്ള പരിഹാസവും പേറി ശൂന്യമായ കൈക്കുമ്പിളിൽ അവർ സ്വപ്നങ്ങൾ നെയ്തുകൂട്ടി, നല്ലൊരു നാളെ സ്വപ്നം കണ്ടുണർന്നു. പെട്ടെന്ന് ഒന്ന് നാട്ടിൽ പോകേണ്ട അവസ്‌ഥ വന്നാൽ പരസ്പരം ഒന്ന് സഹായിക്കാൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. അന്നൊക്കെ ഡൽഹിയിൽ ധനകാര്യസ്ഥാപനങ്ങൾ അധികമൊന്നും ഉണ്ടായിരുന്നില്ല, ഉള്ളതാകട്ടെ കഴുത്തറപ്പൻ പലിശ കമ്പനികളും ആയിരുന്നു.
ഈ അവസ്‌ഥയ്‌ക്ക് ഒരു മാറ്റം വരണം. കഴുത്തറപ്പൻ പലിശക്കാരായ ഉത്തരേന്ത്യൻ പലിശക്കാരിൽ നിന്നും മലയാളി സമൂഹത്തിന് ഒരു മോചനം നേടിയേ തീരൂ എന്ന ചിന്തയിൽ നിന്നും ഉടലെടുത്ത ആശയമാണ് മലയാളികളുടെ സ്വന്തം
“സതേൺ സ്റ്റാർ സൊസൈറ്റി” .
വിചാരിച്ച അത്ര എളുപ്പമല്ലായിരുന്നില്ല അന്ന് മലയാളികൾക്ക് വേണ്ടി മലയാളികൾ നടത്തുന്ന ഒരു സഹകരണ പ്രസ്ഥാനം ഇവിടെ ഇന്ദ്രപ്രസ്ഥത്തിൽ വേരൂന്നുക എന്നത്. ബാലാരിഷ്ടത ഏറെ ഉണ്ടായിരുന്നുവെങ്കിലും വ്യക്തമായ ദിശബോധവും ദൃഢവുമായ തീരുമാനങ്ങൾ കൊണ്ടും, സുതാര്യമായ പ്രവർത്തനം കൊണ്ടും സതേൺ സ്റ്റാർ ഉത്തരേന്ത്യൻ മണ്ണിൽ വേരൂന്നുക തന്നെ ചെയ്തു. ജാതി-മത-വർണ്ണ ചിന്തകളില്ലാതെ, ഉച്ചനീചത്വങ്ങൾ ഇല്ലാതെ, സമത്വം എന്ന ആശയത്തിൽ അടിയുറച്ചും സുതാര്യത നിലനിർത്തി, ഇന്ദ്രപ്രസ്ഥത്തിലെ മിന്നും നക്ഷത്രമായി ഇന്നും സതേൺ സ്റ്റാർ തിളങ്ങുന്നു.
നീണ്ട 35വർഷങ്ങൾ പിന്നിടുകയാണ്. മലയാളികളുടെ ആശയും അത്താണിയുമായ സതേൺ സ്റ്റാർ.
1986 ൽ നിന്നും 2021 ലേക്ക് നോക്കുമ്പോൾ സ്വന്തം കോർപ്പറേറ്റ് ഓഫീസ് ഉൾപ്പെടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി 10 ശാഖകളുണ്ട് നിലവിൽ. അതിൽ മൂന്ന് ശാഖകൾ ഒഴിച്ചു ബാക്കിയെല്ലാം തന്നെ സ്വന്തം കെട്ടിടങ്ങളിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതും നേട്ടങ്ങളിൽ എടുത്തു പറയേണ്ടതാണ്. അംഗങ്ങളുടെ ആവശ്യങ്ങൾ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമാക്കുന്നു. സേവന സന്നദ്ധരായ ജീവനക്കാരും , കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞാബദ്ധരായി തുടരുന്നത് കൊണ്ട് മികച്ച പിന്തുണ സൊസൈറ്റി അംഗങ്ങൾക്ക് ലഭ്യമാണ്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സതേൺ സ്റ്റാർ തനതായ പങ്ക് വഹിച്ചു വരുന്നു.
കേരളത്തിൽ പ്രളയം അതിന്റെ സംഹാര താണ്ഡവമാടിയ നാളുകളിൽ ഒരു കൈത്താങ്ങ് ആയി നാടിനൊപ്പം ചേർന്ന് സതേൺസ്റ്റാർ കൈകോർത്തു പിടിച്ചു. 40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന നൽകുവാനും സാധിച്ചു. അതുപോലെ തന്നെ, കോവിഡ്-19 ന്റെ ഭീകരതയുടെ മുൾമുനയിൽ രാജ്യം വിറങ്ങലിച്ചു നിന്ന ലോക്ക്ഡൗൺ സമയത്തു സൊസൈറ്റിയിൽ അംഗങ്ങളായ ഒരാൾ പോലും മരുന്നിനോ, ഭക്ഷണത്തിനോ, അവശ്യ സാധനങ്ങൾക്ക് വേണ്ടിയോ ബുദ്ധിമുട്ട് അനുഭവിക്കാൻ ഇടവരാതെ അർഹിക്കുന്ന സഹായം നൽകാൻ കഴിഞ്ഞതും ചാരിതാർത്ഥ്യം തന്നെ ആണ്. നോട്ടുനിരോധനം, നടപ്പിലാക്കുന്ന പരിഷ്കരിച്ച കമ്പനി നിയമങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മുരടിപ്പ് എല്ലാമുപരി കോവിഡ്-19 ഏല്പിച്ച പ്രത്യാഘാതം ഇതെല്ലാം സൊസൈറ്റിയേയും ചെറുതല്ലാത്ത രീതിയിൽ പ്രഹരം ഏല്പിച്ചുവെങ്കിലും തോൽക്കാൻ മനസില്ലാതെ 1986 യിലെ അതേ കരുത്തുറ്റ മനസ്സുമായി സതേൺ സ്റ്റാർ സൊസൈറ്റിയുടെ യാത്ര അനുസ്യൂതം തുടരുന്നു. ഉറ്റവരുടെ വേർപാട് തീർക്കുന്ന കഷ്ടനഷ്ടങ്ങൾക്ക് ഒരിക്കലും ഒന്നും പകരമാവില്ലെങ്കിലും അവരുടെ കുടുംബത്തിന് സാന്ത്വനത്തിന്റെ ഒരു തൂവൽ സ്പർശമേകാൻ സതേൺസ്റ്റാർ നൽകി വരുന്ന ക്ഷേമനിധിക്ക് കഴിയുന്നു. കോവിഡ് മഹാമാരിക്ക് മുൻപിൽ കീഴടങ്ങിയ പ്രിയപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ഒരു കോടിയിൽ പരം തുക ക്ഷേമനിധി ആയി നൽകി കഴിഞ്ഞു.
ഇന്ദ്രപ്രസ്ഥത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തിന് താങ്ങും തണലുമായി പിന്നിട്ട സേവന കാലത്തിന് ഇന്ന്
” പവിഴവാർഷികവേള”. ( coral anniversary) ഈ സന്തോഷവേളയിൽ ശിലകളിൽ ലിഖിതമായ ലിപികൾ പോലെ സതേൺ സ്റ്റാറിനെ മലയാളികൾ ഹൃദയത്തോട് ചേർത്തു പിടിച്ചതിന് ഈ അവസരത്തിൽ
സതേൺ സ്റ്ററിന്റ വിജയ ശില്പി പി. ആർ നായർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
വിജയത്തിന്റെ 35വർഷങ്ങൾ പിന്നിടുമ്പോഴും മറുനാട്ടിൽ സഹകരണസംഘം കെട്ടിപ്പടുത്ത ഈ മനുഷ്യന്റെ യും സതേൺ സ്റ്ററിന്റെയും വിജയ യാത്ര ഡൽഹി മലയാളികൾക്ക് എന്നും അഭിമാനിക്കാൻ വക നൽകുന്ന താണ്.