Web Desk
പഴയകാല നടനും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവര്‍(107) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.1912 മാര്‍ച്ച് 29നാണ് ജനനം. സംഗീത നാടകങ്ങളിലൂടെ കലാരംഗത്തെത്തിയ അദ്ദേഹം കേരള സൈഗാള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഏഴാമത്തെ വയസില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്, പത്തൊമ്ബതാം നൂറ്റാണ്ട് തുടങ്ങി നിരവധി നാടകങ്ങളിലായി പതിനയ്യായിരം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഗായകന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന മലയാള ചലച്ചിത്ര-നാടക മേഖലയിലെ പ്രധാനിയായിരുന്നു പാപ്പുക്കുട്ടി ഭാഗവതര്‍. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ ‘മിശിഹാചരിത്ര’ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ടാണ് പ്രൊഫഷണല്‍ നടനാവുന്നത്.
പ്രസന്നയാണ് ആദ്യ സിനിമ. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. 2010ല്‍ ദിലീപ് നായകനായ “മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പിന്നണി പാടിയത്. നടന് മോഹന്‍ജോസ്, സംവിധായകന് കെ.ജി. ജോര്‍ജിന്റെ ഭാര്യയയും ഗായികയുമായ സെല്‍മ, സാബു ജോസ് എന്നിവര്‍ മക്കളാണ്.