മന്ത്രിമാര്‍ക്കെതിരായ കടുത്ത ആരോപണങ്ങള്‍ ജനവിധിയിയില്‍ പ്രതിഫലിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ പലതുണ്ട് സംസ്ഥാന രാഷ്‌ട്രീയ ചരിത്രത്തില്‍. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവീദുമാര്‍ രാഷ്‌ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. സിപിഎമ്മിലെ എം.സ്വരാജും മന്ത്രി കെ.ടി.ജലീലും അത്തരത്തില്‍ അധികാര രാഷ്‌ട്രീയത്തില്‍ മുന്നേറ്റം കുറിച്ച ദാവീദുമാരാണ്.
2006ല്‍ കുറ്റിപ്പുറം മണ്‌ഡലത്തില്‍ മുസ്ലിംലീഗിന്റെ സര്‍വശക്തനായ നേതാവ് പി.കെ.കുഞ്ഞാലികുട്ടിയെ വീഴ്‌ത്തിയാണ് കെ.ടി.ജലീല്‍ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ആദ്യവിജയം കൊയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും അതൊരു ദാവീദ്-ഗോലിയാത്ത് പോര് തന്നെയായിരുന്നു. ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയോടുള്ള ജനരോഷമാണ് ജലീലിന് ആദ്യമായി ജനപ്രതിനിധിയാകാന്‍ വഴിയൊരുക്കിയത്. 2011ലും വിജയം ആവര്‍ത്തിച്ച ജലീലിനെ 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മന്ത്രിപദവും തേടിയെത്തി.
രണ്ട് വട്ടം ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന സിപിഎം തീരുമാനം പാര്‍ട്ടി അംഗമല്ലാത്ത ജലീലിന് ബാധകമാക്കാത്തത് നാലാമതും തിരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. ഇത്തവണ ആരോപണങ്ങള്‍ നേരിട്ട മന്ത്രി എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വീഴ്‌ത്തിയ ദാവീദ് പോരിനിറങ്ങുന്നത്. അതേ സമയം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഇതുവരെ തെളിയിക്കാന്‍ സാധിക്കാത്തത് ജലീലിന് ആയുധമാകുകയും ചെയ്യും.
2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധിയിലൂടെ ഏറെ ശ്രദ്ധേയമായ മണ്‌ഡലങ്ങളിലൊന്നായിരുന്നു തൃപ്പൂണിത്തുറ. തുടര്‍ച്ചയായി ഈ മണ്‌ഡലത്തില്‍ നിന്ന് ജയിച്ചുപോന്ന കരുത്തനായ കെ.ബാബുവിനെതിരെ യുവനേതാവ് സ്വരാജ് രംഗത്തിറങ്ങിയപ്പോള്‍ ദാവീദ്-ഗോലിയാത്ത് ദ്വന്ദ്വമാണ് കണ്ടത്.
സിറ്റിംഗ് എംഎല്‍എയായ ബാബുവിനെതിരെ കൂടുതല്‍ കരുത്തനായ നേതാവിനെ നിയോഗിക്കേണ്ടിയിരുന്നു എന്ന വിമര്‍ശനം വരെ ഉയര്‍ന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ചുനിന്ന ബാബുവിനെ ജനം കൈയൊഴിയുകയും സ്വരാജ് വിജയം വരിക്കുകയുമാണ് ചെയ്‌തത്. തൃപ്പൂണിത്തുറയില്‍ വീണ്ടും ജനവിധി തേടുന്ന സ്വരാജിനെതിരെ ബാബു എന്ന `പല്ലു കൊഴിഞ്ഞ ഗോലിയാത്ത്’ വീണ്ടും മത്സരിക്കുമോയെന്ന് ഇതുവരെ അറിവായിട്ടില്ല.