കോവിഡ് രോഗത്തിന്റെ സാമൂഹ്യവ്യാപനം നിയന്ത്രണാതീതമായാല്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് പലര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. വറുതിയിലേക്കും പട്ടിണിയിലേക്കും തൊഴില്‍ രാഹിത്യത്തിലേക്കും ജനങ്ങളെ വീണ്ടും തള്ളിയിടലാവില്ലേ മറ്റൊരു ലോക് ഡൗണ്‍ എന്ന ചോദ്യമാണ് അങ്ങനെയുള്ളവര്‍ പ്രകടിപ്പിക്കുന്നത്.
കൊറോണയെ നേരിടുന്നതില്‍ കേരളം വ്യക്തമായ ഒരു പ്രോട്ടോകോളുമായാണ് ആദ്യം മുതലേ മുന്നോട്ടു പോയത്. ഇപ്പോഴും പ്രാദേശികാടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതും ആര്‍ക്കൊക്കെ പരിശോധന നടത്തണമെന്നും തീരുമാനിക്കുന്നത് ഈ പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലാണ്. പരിശോധനാ ഫലങ്ങള്‍ കൃത്യമായി സര്‍ക്കാര്‍ കണക്കുകളില്‍ വരുന്നില്ലെന്ന പരാതിയുണ്ടെങ്കിലും പ്രോട്ടോകോളില്‍ വെള്ളം ചേര്‍ക്കാതെയാണ് ഇതുവരെ കാര്യങ്ങള്‍ നടന്നിട്ടുള്ളത്. എന്തു ചെയ്യണമെന്നതിലുള്ള ഈ വ്യക്തതയാണ് മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഇല്ലാത്തത്. എന്തിന് വികസിത രാജ്യങ്ങള്‍ പോലും ഒരു സമയത്ത് എന്തു ചെയ്യണമെന്ന തികഞ്ഞ ആശയകുഴപ്പത്തിലായിരുന്നു.
ഒരു പ്രദേശത്തെ ഹോട് സ്‌പോട്ടാക്കി മാറ്റിയാല്‍ അവിടുത്തെ പുതിയ കേസുകള്‍ പൂജ്യമാകുന്നതു വരെ അത് പിന്‍വലിക്കില്ലെന്ന ഉറച്ച തീരുമാനവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. തത്വത്തില്‍ 14 ദിവസം വരെ പുതിയ കേസുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ നീക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ അത്രത്തോളം കാത്തിരിക്കുന്നതില്‍ അയവ് വരുത്തിയിട്ടുണ്ട്.
കോവിഡിനെ നേരിടാന്‍ ചെയ്യാവുന്നത് എന്തൊക്കൈയെന്നും എന്തു ചെയ്‌തിട്ടും കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് എന്തുകൊണ്ടെന്നും സര്‍ക്കാരിന് വ്യക്തമായി അറിയാം. അതുകൊണ്ടാണ് ഒരു ഘട്ടം പിന്നിട്ടാല്‍ ലോക്‌ഡൗണ്‍ മാത്രമേ മാര്‍ഗമുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത്. നാം ഇതുവരെ സ്വീകരിച്ചുവന്ന പ്രോട്ടോകോളിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ചയായി വേണം അത്തരമൊരു സാഹചര്യമുണ്ടായാല്‍ അതിനെ കാണേണ്ടത്.
ലോക്‌ഡൗണ്‍ മൂലം ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അവശ്യ സാധനങ്ങളെത്തിക്കാനുള്ള കരുതല്‍ നാം തുടരുന്നുണ്ട്. കരുതലില്‍ വീഴ്‌ച പറ്റിയ സമയത്തൊക്കെ അത് താമസിയാതെ തിരുത്താന്‍ അധികൃതര്‍ തയാറാവുകയും ചെയ്‌തു. അതേ സമയം പ്രാദേശികാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടപ്പിലാക്കുന്ന ലോക്‌ഡൗണിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് അധികൃതര്‍ക്ക് വേണ്ടത്ര ബോധ്യമില്ല. നാളെ കേരളം മുഴുവന്‍ ലോക്‌ഡൗണ്‍ നടപ്പിലാക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക തലത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ചും നാമത്രയൊന്നും ബോധവാന്മരല്ല.
വരുമാന ചോര്‍ച്ചയും തൊഴില്‍ നഷ്‌ടവും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈയില്‍ മറുമരുന്നൊന്നുമില്ല. ചില പ്രദേശങ്ങളിലെ ആഴ്‌ചകളോളം നീളുന്ന ലോക്‌ഡൗണ്‍ ജനങ്ങളുടെ ഭാവി ജീവിതത്തെ തന്നെ ബാധിക്കാവുന്നതാണ്. ഉദാഹരണത്തിന് മത്സ്യബന്ധന മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്‌ഡൗണ്‍ അവിടുത്തെ തൊഴിലാളികളുടെ ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ പോന്നതാണ്. ജൂലായ് മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് മത്സ്യതൊഴിലാളികളുടെ പ്രധാന സീസണ്‍. ഒരു വര്‍ഷം ലഭിക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും ഈ സീസണിലാണ്. അത് ഇല്ലാതാകുന്നത് അടുത്ത ഒരു വര്‍ഷത്തെ അവരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലാക്കുന്നത്.
ലോക്‌ഡൗണ്‍ മൂലം ജീവിതം ഇരുട്ടിലാവുന്നവരുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിലവില്‍ യാതൊരു ആസൂത്രണവുമില്ല. കറന്‍സി അച്ചടിച്ച് ഓരോരുത്തര്‍ക്കും നിശ്ചിത തുക വീതം വിതരണം ചെയ്യാന്‍ നമ്മുടേത് യുഎസ് പോലെ ഒരു വികസിത സമ്പന്ന രാജ്യമല്ല. പക്ഷേ പ്രശ്‌നബാധിതര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുക മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. അത് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് വലിയ പരിമിതിയുണ്ട്. പര്യാപ്‌തമായ സാമ്പത്തിക ഉത്തേജനത്തിലൂടെ ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ആത്മനിര്‍ഭര്‍ എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചതു പോലുള്ള ഗിമ്മിക്കുകള്‍ക്ക് പകരം യഥാര്‍ത്ഥമായ സാമ്പത്തിക ഉത്തേജന പദ്ധതിയാണ് ആവശ്യം.