ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത് അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ് ആയതു കൊണ്ടു മാത്രമല്ല. ഡൊണാള്‍ഡ് ട്രംപ് ഒരു പ്രതിരൂപമാണ്. കോവിഡ് മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതം തന്നെ മാറ്റിമറിച്ച ആക്രമണം തുടങ്ങിയതു മുതല്‍ ഈ രോഗത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന് പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ തികഞ്ഞ പുച്ഛത്തോടെയും അശാസ്‌ത്രീയ ചിന്തകളുടെ അകമ്പടിയോടെയും സമീപിച്ച വലിയൊരു വിഭാഗം പേരുടെ പ്രതിനിധിയാണ് ട്രംപ്. അയാള്‍ ലോകത്തിന്റെ സമ്പദ്‌ഘടനയെ തന്നെ സ്വാധീനിക്കുന്ന വന്‍ശക്തിയുടെ പ്രതിനിധി കൂടിയായതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തെ തന്നെ അയാളുടെ നിലപാട് ബാധിച്ചു.
കോവിഡ് ഒരു സാധാരണ പനി പോലെ മാത്രമാണെന്നും അതിനെ പേടിച്ച് ആരും വീട്ടില്‍ അടച്ചുപൂട്ടിയിരിക്കേണ്ടെന്നും യുഎസിന്റെ പ്രസിഡന്റ് പറയുമ്പോള്‍ അത് ആ രാജ്യത്തെ മാത്രമല്ല ലോകത്തിലെ പല ഭാഗങ്ങളിലെ ജനങ്ങളെ തന്നെ സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി എന്ന് കരുതപ്പെടുന്ന യുഎസ് പ്രസിഡന്റ് ഇങ്ങനെ പറയുമ്പോള്‍ മഹാമാരിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വലിയൊരു ദൗത്യത്തെ ദുര്‍ബലപ്പെടുത്താന്‍ പോലും അത് കാരണമാകുന്നു. ഈ രോഗത്തെ പ്രതിരോധിക്കാന്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണെന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിലപാടിനെ ട്രംപ് വാക്കിലും പ്രവൃത്തിയിലും പുച്ഛിച്ചുകൊണ്ടിരുന്നു. പൊതുചടങ്ങുകളില്‍ അയാള്‍ നിരന്തരം മുഖാവരണമില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രത്യക്ഷപ്പെട്ടു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബെയ്‌ഡനെ മുഖാവരണം ധരിക്കുന്നതിന്റെ പേരില്‍ പുച്ഛിച്ചു. ഒടുവില്‍ ട്രംപും ഭാര്യയും കോവിഡ് പോസിറ്റീവായി എന്ന വാര്‍ത്ത എത്തുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെ ധിക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പേര്‍ക്കുള്ള സന്ദേശമാവുകയാണ് അത്.
സാധാരണ രീതിയില്‍ ഇത്തരമൊരു മഹാമാരി ആഗോള ജനജീവിതത്തെയും ലോകസമ്പദ്‌ഘടനയെ തന്നെയും അവതാളത്തിലാക്കുമ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കേണ്ടത് യുഎസ് ആകുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ, സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഗോളതലത്തില്‍ അത്തരമൊരു ഏകോപനം നടത്തുക തങ്ങളുടെ ചുമതലയായിട്ടാണ് യുഎസിലെ ഭരണാധികാരികള്‍ കാണുമായിരുന്നത്. എന്നാല്‍ ലോക ആരോഗ്യ സംഘടനക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായം പോലും നിര്‍ത്തിവെച്ച ട്രംപ് അത്തരമൊരു ദൗത്യം ഏറ്റെടുക്കാന്‍ തയാറായില്ല. രോഗഭീഷണി നേരിടുന്ന സഹജീവികളോടുള്ള അനുകമ്പ അയാളില്‍ തീരെയില്ലെന്ന് തെളിയിക്കുന്ന ഒരു നടപടി കൂടിയായിരുന്നു അത്. ചൈനയെ ലോക ആരോഗ്യ സംഘടന പിൻതുണക്കുന്നു. എന്ന വിചിത്രമായ ഒരു വാദമാണ് അതിന് അയാള്‍ ന്യായീകരണമായി ഉന്നയിച്ചത്. ട്രംപിന് പകരം മറ്റൊരാളായിരുന്നു പ്രസിഡന്റെങ്കില്‍ കോവിഡിനോടും അതിനെ പ്രതിരോധിക്കുന്നതിനുള്ള ലോക ആരോഗ്യ സംഘടനയുടെ ശ്രമങ്ങളോടുമുള്ള യുഎസിന്റെ സമീപനം മറ്റൊന്നാകുമായിരുന്നു.
ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വട്ടവും മത്സരിക്കുന്ന തിരഞ്ഞെടുപ്പിന് ഇന്നത്തെ സാഹചര്യത്തില്‍ സവിശേഷ മാനങ്ങളുണ്ട്. അശാസ്‌ത്രീയമായ വികല യുക്തിയും ധാര്‍ഷ്ട്യവും സ്‌ത്രീവിരുദ്ധതയും പ്രതിപക്ഷ ബഹുമാനമില്ലായ്‌മയും വര്‍ണവെറിയും എല്ലാം ഒത്തുചേര്‍ന്ന നേതാവ് എന്ന നിലയില്‍ അയാള്‍ ഇന്ന് ലോകമെമ്പാടും അതിവേഗം പ്രബലമായി കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രതിരൂപമാണ്. ഈ കോവിഡ് കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വലതു തീവ്രവാദികളുടെ പ്രതീകമായ ഈ മനുഷ്യനാണ് വിജയിക്കുന്നതെങ്കില്‍ അത് അധോഗമനത്തിന്റെ വഴിയിലേക്ക് കൂടുതല്‍ രാഷ്‌ട്രങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള പ്രേരണ കൂടിയാകും അത്. യുക്തിഹീനതയും അശാസ്‌ത്രീയ ചിന്തകളുമാണ് തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ മുഖമുദ്ര. അതാണ് മികച്ചതെന്ന തോന്നല്‍ ലോകമെമ്പാടും കൊറോണ പോലെ വ്യാപിക്കുന്നതിന് ചെറിയൊരു തടയിടാനെങ്കിലും ട്രംപ് തോല്‍ക്കേണ്ടതുണ്ട്.