കൊറോണയുടെ സംഹാര താണ്‌ഡവത്തിന് മുന്നില്‍ അമ്പലങ്ങളും പള്ളികളും തുറന്നു പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോഴാണ് പുതിയൊരു ക്ഷേത്രത്തിന് ഓഗസ്റ്റ് അഞ്ചിന് ശിലാസ്ഥാപനം നടത്തുന്നത്. ദൈവഭയത്തേക്കാള്‍ കഠിനമായി കൊറോണ ഭയം മനുഷ്യരില്‍ ശക്തിയാര്‍ജിച്ചു നില്‍ക്കുമ്പോഴും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ഏതാനും മാസങ്ങള്‍ കൂടി മാറ്റിവെക്കാന്‍ കേന്ദ്രം നിയോഗിച്ച ട്രസ്റ്റ് തയാറായില്ല.
ഫെബ്രുവരിയിലാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന് ഇതുവരെ അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. അമ്പതോളം പ്രമുഖരെ അണിനിരത്തി ആഘോഷമയമായി ശിലാസ്ഥാപനം നടത്താനാണ് ട്രസ്റ്റിന്റെ പരിപാടി.
പ്രതിസന്ധികളുടെ കാലത്ത് മനുഷ്യര്‍ കൂടുതല്‍ വിവേകമതികളാകുകയാണ് പതിവ്. അതുപക്ഷേ വിവേകവും വിവേചന ശേഷിയും അടിസ്ഥാനഗുണമെന്ന നിലയില്‍ അല്‍പ്പമെങ്കിലും അവശേഷിക്കുന്നവര്‍ക്കിടയില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാനാകുകയുള്ളൂ. രാമന്റെ പേരില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുക എന്ന മുഖ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ വിത്ത് പാകി വളര്‍ന്നുവന്ന പാര്‍ട്ടിയില്‍ നിന്നോ ആ പാര്‍ട്ടിക്കൊപ്പമുള്ള പരിവാരങ്ങളില്‍ നിന്നോ അത്തരമൊരു വിവേകം പ്രതീക്ഷിക്കുന്നതു തന്നെ അധികപറ്റാണെന്ന് തോന്നുന്നു.
കോവിഡും ലോക് ഡൗണും മൂലം ഒരു രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ് രാമക്ഷേത്ര നിര്‍മാണത്തിനായി കോടികള്‍ ചെലവഴിക്കുന്നത്. നേരത്തെ 3000 കോടി രൂപ ചെലവിട്ട് പട്ടേല്‍ പ്രതിമ സ്ഥാപിച്ചത് ഗുജറാത്ത് സര്‍ക്കാരായിരുന്നു. ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്‌ക്കു കീഴെ കഴിയുന്ന ഒരു സംസ്ഥാനം പട്ടേല്‍ പ്രതിമ സ്ഥാപിക്കാന്‍ ശതകോടികള്‍ ചെലവിടുന്നതിനെ തലതിരിഞ്ഞ രാഷ്‌ട്രീയമെന്നേ വിശേഷിപ്പിക്കാനാകൂ. അതേ തലതിരിഞ്ഞ രാഷ്‌ട്രീയം തന്നെയാണ് കൊറോണ കാലത്തെ ശിലാസ്ഥാപനത്തിനു പിന്നിലും പ്രവര്‍ത്തിക്കുന്നത്.
അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയുള്ള സുപ്രിം കോടതി വിധി യഥാര്‍ത്ഥത്തില്‍ ഒരു മതേതര രാജ്യത്ത് ഉണ്ടാകാന്‍ പാടില്ലാത്ത, ചരിത്രത്തെ പോലും അവഗണിച്ചുകൊണ്ടുള്ള മതാധിഷ്‌ഠിത വിവേചനങ്ങള്‍ ഉള്ളടങ്ങിയതായിരുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അന്തസത്തയ്‌ക്ക് കോട്ടം തട്ടിക്കുന്ന വിധികളാണ് സമീപ കാലത്ത് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. ഇത്തരം വിധികള്‍ ജനാധിപത്യവും മതേതരത്വവും ഉന്നതമായ നിലവാരത്തില്‍ നിലനില്‍ക്കുന്ന പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തതാണ്.
സരയൂ തീരത്ത് ത്രേതാ യുഗം പുനഃ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ക്ഷേത്രം മാത്രമല്ല പഞ്ചനക്ഷത്ര ഹോട്ടൽ അടക്കമുള്ളതാണ് പ്രൊജക്റ്റ് . രസകരമായ കാര്യം ഇതിന്റെ നിർമ്മാണത്തിന്റെ കൺസൾട്ടൻസി വിവാദമായ പി ഡബ്ലിയു സി ആണ്