കോവിഡിനുള്ള വാക്‌സിന്‍ കരുതിയതിലും നേരത്തെ വിപണിയിലെത്തുമെന്ന സൂചനകള്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരുമ്പോഴും ഈ ആഗോള മഹാമാരിയെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷക്ക് കരുത്ത് പകരുകയാണ്. യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയകരമായിയെന്ന ശുഭവാര്‍ത്തയാണ് ആശങ്കകള്‍ക്കിടയിലും നമ്മെ തേടിയെത്തിയത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കോവിഡ് അസ്‌ട്രസെനക എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്‌ച യുഎസ് ബയോടെക് കമ്പനിയായ മോഡേണ ആദ്യ ഘട്ട പരീക്ഷണ ഫലങ്ങള്‍ പുറത്തിവിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും വാക്‌സിന്‍ പരീക്ഷണം നടന്നുവരികയാണ്.
ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന് ആദ്യ ഘട്ട പരീക്ഷണത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് തെളിഞ്ഞതായാണ് വ്യക്തമാക്കുന്നത്. വാക്‌സിന്‍ പരീക്ഷണം നടത്തിയ ആളുകളുടെ ശരീരത്തില്‍ ആന്റിബോഡികളും ടി-സെല്ലുകളും രൂപം കൊള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വാക്‌സിന്‍ വിജയകരമാണെന്നാണ് സൂചിപ്പിക്കുന്നത്. അവസാന ഘട്ട പരീക്ഷണം ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലും നടന്നുവരികയാണ്. യുഎസില്‍ ഉടന്‍ അവസാന ഘട്ട പരീക്ഷണം ആരംഭിക്കും.
യുഎസില്‍ പരീക്ഷണത്തിന് സമാന്തരമായി തന്നെ വാക്‌സിന്‍ ഉല്‍പ്പാദനം നടന്നുവരികയാണ്. പരീക്ഷണം വിജയിച്ചാല്‍ കാലതാമസം കൂടാതെ വാക്‌സി ന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഉല്‍പ്പാദനം വേഗത്തില്‍ നടത്തുന്നത്. ഇത് വഴി സാമ്പത്തിക നഷ്‌ടമുണ്ടായാലും അത് കാര്യമാക്കാതെയാണ് ഉല്‍പ്പാദനത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്.
ഇന്ത്യയും വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഇന്ത്യന്‍ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യയില്‍ വാക്‌സിന്റെ പരീക്ഷണത്തിനായി അനുമതി തേടിയിട്ടുണ്ട്. ഇന്ത്യയില്‍ താമസിയാതെ വാക്‌സിന്‍ ഉല്‍പ്പാദനം നടക്കുമെന്നാണ് കമ്പനി പറയുന്നത്. ബ്രിട്ടീഷ് കമ്പനിയായ അസ്‌ട്രസെനക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്ന കമ്പനികളുമായി സെറം കരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. ഈ കമ്പനികളുടെ വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്നതിനുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ വാക്‌സിന്‍ എത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാകും.
ഇന്ത്യയില്‍ ഐസിഎംആറിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ ഓഗസ്റ്റ് 15ന് ലഭ്യമാക്കുമെന്ന അവകാശവാദം പിന്നീട് പിന്‍വലിച്ചിരുന്നു. പരീക്ഷണങ്ങള്‍ക്കു വേണ്ട സമയം കണക്കിലെടുക്കുമ്പോള്‍ പ്രായോഗികമായി സാധ്യമല്ലാത്ത കാര്യമാണ് ഇതെന്ന് നേരത്തെ വിദഗ്‌ധര്‍ ചൂണ്ടികാട്ടിയിരുന്നു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമൂഹ്യ വ്യാപന ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. ദല്‍ഹിയിലെ ജനങ്ങളില്‍ 23.48 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. ആദ്യഘട്ടത്തില്‍ കോവിഡിനെ വിജയകരമായി നിയന്ത്രിച്ച കേരളത്തിലും രോഗികളുടെ എണ്ണം സമ്പര്‍ക്കം വഴി കൂടിവരുന്നത് ഭയാശങ്ക സൃഷ്‌ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ വൈകാതെ ലഭ്യമാകുമെന്ന സൂചനകള്‍ വലിയ ആശ്വാസമാണ് നല്‍കുന്നത്.