ഉത്തരേന്ത്യയില്‍ ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്ത്യന്‍ എക്‌സപ്രസ് മുന്‍ കറസ്‌പോണ്ടന്‍റെ് ബാബു ജോസഫ് മാളിയേക്കന്‍ സംസാരിക്കുന്നു.
ന്യൂഡല്‍ഹി: ഒരു ദിവസം രാവിലെ മുറ്റത്തു നിന്നും കരച്ചിലും ബഹളവും കേട്ടാണ് ഞാനുണര്‍ന്നത്. ”ഞങ്ങളുടെ പുരയ്ക്ക് ആരോ തീവെച്ചു, മക്കള്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ ആരും വെന്തുമരിച്ചില്ല, ഇനി തലചായ്ക്കാന്‍ ഞങ്ങള്‍ക്കിടമില്ല..”
”നീ പേടിക്കേണ്ട, കത്തിയ പുര നമുക്ക് ഉണ്ടാക്കാം, ജീവന്‍ രക്ഷപ്പെട്ടില്ലേ.”.കരഞ്ഞുകൊണ്
‘ഈ പിള്ളേര്‍ക്ക് കഴിക്കാനെന്തെങ്കിലും കഴിക്കാന്‍ കൊടുക്കൂ..’പതിവുപോലെ അകത്തേക്ക് നോക്കി അപ്പന്‍ അമ്മയോട് പറയുന്നു. പിന്നെ തന്റെ സഹായികളെയും പണിക്കാരെയും വിളിച്ച് പറമ്പിലേക്ക് പോയി. കവുങ്ങും, മുളയും, പനയോലയും വെട്ടി കൊണ്ടുവന്ന് തീ കത്തി നശിച്ച പുരയ്ക്ക് പകരം വീട് വച്ചുനല്‍കാന്‍ അപ്പന്‍ മുന്നിട്ടിറങ്ങി. കുടികിടപ്പ് അവകാശം നിയമമായപ്പോള്‍ തങ്ങളുടെ പറമ്പിലെ പണിക്കാരെ ഒഴിവാക്കാന്‍ അന്നത്തെ ജന്മികളും, ഭൂപ്രഭുക്കളും ചെയ്തു പോന്ന ഒരു കാര്യമാണിത്.
ബാബു ജോസഫ് മാളിയേക്കന്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഓര്‍മ്മയുടെ ഇന്നലെകളിലൂടെ സഞ്ചരിക്കുകയാണ്. നീണ്ട് 27 വര്‍ഷത്തോളം ഇന്ത്യന്‍ എക്‌സപ്രസ്സ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്ത മാളിയേക്കന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുക വഴി അന്താരാഷ്ട്ര പ്രശസ്തി നേടി. ഇന്ദിര വധത്തിലെ പ്രതികളുടെ വിചാരണ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍ നടക്കുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വം പത്രക്കാരിലൊരാളാണ്. തൂക്കിക്കൊല്ലപ്പെട്ട് പ്രതികളെ വിചാരണ ചെയ്യാന്‍ ശ്വാസം മുട്ടിക്കുന്ന ഗ്ലാസ് കൂടുകള്‍ക്കുള്ളില്‍ നിര്‍ത്തി വിചാരണ നടത്തിയത് അന്ന് റിപ്പോര്‍ട്ട് ചെയ്തത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ശ്രദ്ധിക്കപ്പെട്ടു.
അദ്ദേഹം പറഞ്ഞു തുടങ്ങുന്നു തനിക്ക് എക്കാലവും പ്രചോദനമായ മനുഷ്യാവകാശ വിഷയങ്ങളും, വംശീയ കലാപങ്ങളില്‍ പോലീസും, ഭരണ സംവിധാനങ്ങളും, രാഷ്ട്രീയ നേതൃത്വവും എല്ലാം കൈകോര്‍ക്കുന്നത് നേരില്‍ കണ്ട് അറിഞ്ഞ കാര്യങ്ങള്‍.
വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പറയാതെ ഇന്ത്യയുടെ ചരിത്രം എഴുതാനാവില്ല. രണ്ട് നൂറ്റാണ്ടിന്റെ ബ്രിട്ടീഷ് അടിമത്വം അവസാനിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ വംശീയ കലാപങ്ങളും കൂട്ടപാലായനങ്ങളോടെയുമാണ്. 1947-ല്‍ ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്രത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ ബംഗാള്‍ അതിര്‍ത്തിയിലെ നബാഖാലിയില്‍ ഹിന്ദുവും-മുസല്‍മാനും പരസ്പരം കൊന്നൊടുക്കാനാരംഭിച്ചിരുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ നേതൃത്വമാകട്ടെ അധികാരം പങ്കിട്ടെടുക്കുന്ന തിരക്കിലായിരുന്നു. പല ചരിത്രകാരന്മാരും പറയുന്നത് ശരിയാണെങ്കില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും നാസിപ്പടയാളികളും കൊന്നൊടുക്കിയ മനുഷ്യ ജീവനുകള്‍ക്ക് തുല്യമോ അല്ലെങ്കില്‍ അതില്‍ അധികമോ ആയിരുന്നു ഇന്ത്യ-പാക് വിഭജനക്കാലത്ത് ഇരു രാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവര്‍. അങ്ങനെ വിശ്വസിക്കാന്‍ കാരണമുണ്ട്. നാസികള്‍ കൊന്നവരുടെയെല്ലാം കണക്കും ഫോട്ടോയും സൂക്ഷിച്ചിരുന്നു. ഇന്ത്യയിലാകട്ടെ കൊല്ലപ്പെട്ടവരെല്ലാം അതിര്‍ത്തി ഗ്രാമങ്ങളിലായിരുന്നു. ഡല്‍ഹിക്കും-ലാഹോറിനുമിടയില്‍ ശവങ്ങള്‍ കുത്തിനിറച്ച് തീവണ്ടികളോടിയിരുന്ന ആ കാലത്തെക്കുറിച്ച് എഴുതപ്പെട്ട കൃത്യമായ കണക്കുകളില്ല. ഒന്നറിയാം ഒന്നിനു പത്ത്, പത്തിന് നൂറ് എന്ന കണക്കിന് ശവങ്ങള്‍ വീണുകൊണ്ടിരുന്നു. കൊല്ലപ്പെടാനുള്ള മാനദണ്ഡമാകട്ടെ കണക്ക് ഒപ്പിക്കുക എന്ന കാട്ടുനീതി മാത്രം. പന്നിയുടെയും പശുവിന്റെയും തലകള്‍ക്കു പകരം മനുഷ്യ ജീവന്‍ പൊലിയുന്ന ആ പഴയ രീതി ഇന്നും തുടരുന്നു.
1984-ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിക്ക് വിരുദ്ധ കലാപങ്ങള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്തത് ജോസഫ് മാളിയേക്കനാണ്. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ കലാപം കത്തെയെരിഞ്ഞ തെരുവുകളില്‍ ഈണും ഉറക്കവും ഉപേക്ഷിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ മാളിയേക്കനും അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകന്‍
രാജേഷ് ബേദിക്കും സാധിച്ചു. കലാപം കത്തിയെരിഞ്ഞ നാളുകളില്‍ റിപ്പോര്‍ട്ടിംഗിനു ശേഷം തന്റെ ഓഫീസില്‍പ്പോകാതെ ഇരകള്‍ക്കൊപ്പം ക്യാമ്പുകളിലും ആശുപത്രികളിലും സജീവമായി പ്രവര്‍ത്തിച്ചു. ജീവന്‍ മാത്രം ബാക്കിയായ സിക്ക് സമുദായാഗങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ ഇദ്ദേഹം മുന്‍ കൈയ്യെടുത്തു.
ലോറികളില്‍ കയറ്റി കൂട്ടത്തൊടെ ദഹിപ്പിക്കാനായി കൊണ്ടുപോയ ശവക്കൂനയില്‍ നിന്നും ജീവനുള്ളവരെ രക്ഷിക്കാനും ഇദ്ദേഹം മുന്‍ കൈയ്യെടുത്തു. കോണ്‍ഗ്രസ് നേതൃത്വും പോലീസും ഭരണ സംവിധാനവും എല്ലാം കൂടിച്ചേര്‍ന്ന് നടത്തിയ സിക്ക് വിരുദ്ധ കൊലപാതകങ്ങളെക്കുറിച്ച് പിന്നീട് അന്വേഷണ കമ്മീഷനായ ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീഷന്‍, അന്നത്തെ ഡല്‍ഹി പോലീസ് ഉപമേധാവി വേദ് മാര്‍വ കമ്മീഷന്‍ എന്നിവയ്ക്ക് മുമ്പാകെ സാക്ഷി മൊഴി രേഖപ്പെടുത്തി. ഇന്നലെ കഴിഞ്ഞതുപോലെ ഇവയെല്ലാം അദ്ദേഹത്തിന് ഓര്‍മ്മയിലുണ്ട്. അന്വേഷണ കമ്മീഷനുകളെല്ലാം നാടകമാണെന്നറിയാം, മാളിയേക്കന്‍ പറയുന്നു നമുക്ക് ചെയ്യാന്‍ കഴിഞ്ഞത് ചെയ്തു എന്ന ഒരു സമാധാനം തീര്‍ച്ചയായും വലുതാണ്.
സിക്ക് കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരിലും 1997-ല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ഫെലോഷിപ്പ് മാളിയേക്കന് നല്‍കപ്പെട്ടു. അതിന്റെ ഭാഗമായി ഏതെങ്കിലും മാധ്യമത്തില്‍ ജോലി ചെയ്യണം റിസേര്‍ച്ചിനാി അദ്ദേഹം ലണ്ടനില്‍ താമസിച്ചു, ലോകമെമ്പാടുമുള്ള മനുശ്യാവകാശ ധ്വംസനങ്ങളെ പ്രതിപാദിക്കുന്ന ഒരു മാസികയില്‍ ജോലി ചെയ്തു.
കലാപങ്ങള്‍ തുടര്‍ക്കഥയായ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പലപ്പോഴും അവയെല്ലാം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് നിയോഗിച്ചത് മാളിയേക്കനെയാണ്, കാരണം കലാപങ്ങളെല്ലാം ഹിന്ദു-മുസ്‌ലീം സമുദായങ്ങള്‍ തമ്മിലായിരുന്നു. ഹിന്ദുവിനെയോ മുസല്‍മാനെയോ അയച്ചാല്‍ അവര്‍ തങ്ങളുടെ സമുദായത്തിന്റെ പക്ഷം ചേരും. പലയിടത്തും ജോസഫ് മാളിയേക്കനാണ് നിയോഗിക്കപ്പെട്ടത്. ഇന്ദിര വധത്തിനുശേഷം അതി ശക്തമായ ചേരിതിരിവ് എക്‌സ്പ്രസില്‍ പോലും രൂപപ്പെട്ടു.
അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരയുടെ രാഷ്ട്രീയ പീഢനങ്ങളില്‍ പ്രതിഷേധിച്ച് എഡിറ്റോറിയല്‍ പേജില്‍ കറുത്ത മഷി പുരട്ടി പത്രം പ്രസിദ്ധീകരിച്ച രാംനാഥ് ഗോയങ്കയുടെ പത്രത്തില്‍ ഇങ്ങനെയും സംഭവിച്ചു. സ്ഥിരമായി പിന്നോക്ക ദളിത് വിഷയങ്ങള്‍ സ്വമേധയാ കൈകാര്യം ചെയ്തതിന് സ്വന്തം സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഒരു പേരു നല്‍കി ‘ചമാര്‍ റിപ്പോര്‍ട്ടര്‍’, ചമാര്‍ എന്നാല്‍ തുകല്‍പ്പണിക്കാരന്റെ പരിഹാസപ്പേരാണ്. അദ്ദേഹം അഭിമാനത്തോടെ അത് സ്വീകരിക്കുകയും ചെയ്തു.
‘ഒരു വന്‍ മരം വീഴുമ്പോള്‍ ഭൂമി വിറയ്ക്കും..’ഇന്ദിര ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ അതിഭീകരമായ സിക്ക് വിരുദ്ധ കലാപത്തെ മകന്‍ രാജീവ് ഗാന്ധി ഡല്‍ഹിയിലെ ബോട്ട് ക്ലബ് മൈതാനത്ത് നടത്തിയ പ്രസംഗത്തില്‍ ന്യായീകരിച്ചത് ഇങ്ങനെയാണ്. ആ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാനും മാളിയേക്കന് സാധിച്ചു. രാജീവിന്റെ പ്രസംഗം കേട്ട് മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയുടെ ഹൃദയ ഭാഗമായ കൊണാട്ട് പ്ലേസിലെ സിക്ക് കാരുടെ പല സ്ഥാപനങ്ങളും കടകളും കൊള്ളയടിച്ചു.
കലാപങ്ങളെല്ലാം സൃഷ്ടിക്കപ്പെടുന്നതാണ്. മാളിയേക്കന്‍ പറയുന്നു ബ്രിട്ടീഷ് ഇന്ത്യയില്‍പ്പോലും രാജ്യത്തെവിടെയും പോലീസിനെയും പട്ടാളത്തെയും വിന്യസിക്കാന്‍ മണിക്കൂറുകള്‍ മതിയെങ്കില്‍ ഗതാഗത-വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ ഇത്രയും വികസിച്ച ഈ കാലത്ത് കലാപങ്ങള്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങള്‍ പോലും തുടരുന്നതെന്തുകൊണ്ട്. അവയെല്ലാം പോലീസ്-ഭരണകൂട പങ്കാളിത്തത്തില്‍ നടക്കുന്ന ആസൂത്രിത കൂട്ടകൊലപാതകങ്ങള്‍ തന്നെയാണ്.
ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പോലീസ് നടത്തിയ കൂട്ടക്കൊല മുസ്‌ലീം സമുദായത്തില്‍പ്പെട്ട 30 പേരെ നദിതീരത്ത് നിര്‍ത്തി വെളളത്തിലേക്ക് വെടിവെച്ചിടുകയാണുണ്ടായത്. ബിഹാറിലെ ബാഗല്‍പ്പൂരില്‍ 14 ദളിത് യുവാക്കളെ മോഷണം ആരോപിച്ച് കണ്ണില്‍ ആസിഡ് ഒഴിച്ച് അന്ധരാക്കിയ സംഭവം തുടങ്ങിയവയെല്ലാം റിപ്പോര്‍ട്ട് ചെയ്യാനും ചിലതെങ്കിലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാനും മാളിയേക്കന്റെ റിപ്പോര്‍ട്ടിംഗിന് സാധിച്ചു.
കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര, കരാവല്‍ നഗര്‍ പ്രദേശത്ത് ഈ വര്‍ഷം ഉണ്ടായ കലാപങ്ങളിലും സിക്ക് വിരുദ്ധ കലാപത്തിന് സമാനമായ പല കാര്യങ്ങള്‍ ഉണ്ട്. ഒന്ന് സാമ്പത്തീക കാര്യങ്ങള്‍ തന്നെയാണ് അതായത് ഒരു സമുദായത്തെ അവരുടെ ഉപജീവന ശ്രോതസുകള്‍ നശിപ്പിക്കുന്നത് അവരെ കൊല്ലുന്നതിന് തുല്യമാണ്. സിക്ക് വിരുദ്ധ കലാപത്തില്‍ ഇത് വ്യാപകമായി പ്രയോഗിക്കപ്പെട്ടു. വീടും ജീവനോപാധികളും നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് ജീവിതം പഴയ രീതിയിലെത്തിക്കാന്‍ ഈ ജന്മത്തില്‍ സാധിക്കില്ല. ഗുജറാത്ത് കലാപകാലത്തും ഇത് ആവര്‍ത്തിക്കപ്പെട്ടും മുസ്‌ലീം സമുദായത്തെ സമ്പത്തീകമായി തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യമാണ് പലയിടത്തും നടപ്പാക്കിയത്.
കലാപങ്ങളിലെ മറ്റൊരു പ്രത്യേകത കൊല്ലപ്പെടുന്നവരെല്ലാം മിക്കവാറും ദളിത്-പിന്നോക്ക വിഭാഗക്കാരാണ്. ഹിന്ദു-മുസ്‌ലീം-സിക്ക് -ക്രിസ്ത്യന്‍ ഏതു മതവിഭഗത്തിലായാലും കൊല്ലപ്പെടുന്നവരെല്ലാം ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. കലാപങ്ങള്‍ക്ക് ശേഷം പോലീസിന്റെയും കോടതിയുടെയും അന്വേഷണത്തില്‍ കുറ്റക്കാരായി വിധിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും പിന്നോക്ക വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥരാണ്. ജാതീയമായി വിഭജിച്ച സമൂഹത്തില്‍ എല്ലായ്‌പ്പോഴും പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് പിന്നോക്ക വിഭാഗങ്ങളാണ്.
ഡല്‍ഹി സര്‍വകലാശാലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് പട്ടികജാതി -പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച് നിരന്തരം എഴുതുകയും അതിനായി യൂണിവേഴ്‌സിറ്റി ഓഫീസുകളില്‍ കയറി ഇറങ്ങുകയും ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഗ്രഹിച്ചതും, സംതൃപ്തി നല്‍കുകയും ദൗത്യമായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ ഭരണഘടന ശില്പി ഡോ.ബി.ആര്‍ അംബേദ്കര്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്ന വസതി 26 ആലിപ്പൂര്‍ റോഡ് വര്‍ഷങ്ങളോളം അവഗണിക്കപ്പെട്ട ഒരു പുരാതന കെട്ടിടം കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാനും നവീകരിക്കാനും തനിക്ക് ആകുന്നതെക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ആഹ്‌ളാദവാനാണ്. ഡോ.അംബേദ്കറുടെ വസതി ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു മ്യൂസിയമാണ്.
കേരളത്തില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം സ്വദേശിയാണ് ജോസഫ് മാളിയേക്കന്‍. പിതാവ് എം.കെ ജോസഫ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ (പി.എസ്.പി) കോട്ടയം ജില്ല പ്രസിഡണ്ടായിരുന്നു. പട്ടംതാണുപിള്ള കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് നാട്ടിലെ നിരവധി സാമൂഹീകക്ഷേമ, വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്‍കൈയ്യെടുത്തു. കേരളത്തിന്റെ ഭൂപരിഷ്‌കരണ നിയമ നിര്‍മ്മാണ സമിതിയില്‍ അംഗമായിരുന്നു. കാഞ്ഞിരത്താനത്തെ ഒരു കാലത്തെ വന്‍ ഭൂപ്രഭുക്കളായിരുന്നു മാളിയേക്കന്റെ കുടുംബം. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍
പഞ്ചാത്തില്‍ ഒരിക്കല്‍ ഏറ്റവും കൂടുതല്‍ ഭൂമിക്ക് കരം നല്‍കിയത് മാളിയേക്കന്റെ വല്യഛനായിരുന്നു. നാട്ടിലെ വലിയ കുടുംബം അംഗബലത്തിലും വലുതായിരുന്നു 13 മക്കള്‍. ബാബു ജോസഫ് മാളിയേക്കന്‍ കിഴക്കന്‍ ഡല്‍ഹിയിലെ പ്രസ്സ് അപ്പാര്‍ട്ട്‌മെന്റില്‍ താമസം. ഭാര്യ ഷേര്‍ലി, മക്കള്‍ മേജര്‍ അമന്‍ ജോസഫ്, അഡ്വക്കറ്റ് രജത് ജോസഫ്.
പത്രപ്രവര്‍ത്തനം അധികാര കേന്ദ്രങ്ങളില്‍ ദല്ലാള്‍ പണിയായി പരിണമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അധികാര കേന്ദ്രങ്ങളിലെ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധം പൊതുപ്രവര്‍ത്തനത്തെ ദുഷിപ്പിക്കുന്നതും നമുക്ക് പരിചിതമാണ്, ഈ പരിസ്ഥിതിയില്‍ നിന്നു തന്നെ വേണം മാളിയേക്കന്‍ എന്ന മനുഷ്യനെയും നമുക്ക് അളക്കേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതാപകാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ തുറന്ന് വിമര്‍ശിച്ച ബൈലൈന്‍ സ്‌റ്റോറികള്‍ ഇന്നും മാളിയേക്കന്റെ കയ്യിലുണ്ട്. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് തന്റെ തൊഴിലും സാമൂഹീക ബന്ധങ്ങളും ഉപയോഗിക്കാത്ത പത്രപ്രവര്‍ത്തകരുടെ അറ്റുപോയേക്കാവുന്ന ശ്രേണിയിലെ കണ്ണിയാണ് മാളിയേക്കന്‍. കാലത്തിന്റെ ചുവരില്‍ നന്മയുടെ പാതയോരം ചേര്‍ന്ന് നടന്നു പോയവരുടെ പേരുകളും ചേര്‍ക്കപ്പെടട്ടെ.
അഖില്‍ ഡല്‍ഹി