ജമ്മു കശ്‌മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുന്നതാണ് തന്റെ സ്വപ്‌നമെന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ പ്രദേശത്തിന്റെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തെ കുറിച്ച് ബോധവാന്മാരായ ആര്‍ക്കും പരിഹാസമോ രോഷമോ ഒക്കെ തോന്നും. നരകസമാനമായ അവസ്ഥയിലേക്ക് ജമ്മു കശ്‌മീരിനെ തള്ളിവിട്ട സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് രാഷ്‌ട്രപതി ആ നാടിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റണമെന്ന് പറയുന്നത്. വികസനത്തിന്റെ മഹത്തായ പാതയിലേക്ക് നമ്മെ നയിക്കുന്ന ഒരു സര്‍ക്കാരിന്റെ വീക്ഷണത്തെ കുറിച്ചുള്ള പ്രതിഫലനമാണെന്ന് തോന്നിപ്പിക്കുന്ന വ്യാജ പ്രസ്‌താവനയാണ് അത്.
ജമ്മു കശ്‌മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇപ്പോഴും 2ജി ഇന്റര്‍നെറ്റിനെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് അവിടുത്തെ ജനങ്ങള്‍. ലോകത്തെ ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് ഇന്റര്‍നെറ്റ് ദീര്‍ഘകാലം നിഷേധിക്കപ്പെട്ടതിന്റെ റെക്കോഡ് ജമ്മു കശ്‌മീരിന്റെ പേരിലാണ്. അവിടുത്തെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത് എന്തെങ്കിലും കാരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കപ്പെടുന്നതിന് മുമ്പ് സാമ്പത്തികമായ മികച്ച നിലയായിരുന്ന സംസ്ഥാനം അതിനു ശേഷം തകര്‍ച്ചയുടെ പാതയിലേക്ക് നീങ്ങുകയാണ് ചെയ്‌തത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെയാണ് ജമ്മു കശ്‌മീരിനെ സ്വര്‍ഗമാക്കുന്ന സ്വപ്‌നത്തെ കുറിച്ച് നമ്മുടെ രാഷ്‌ട്രപതി പറയുന്നത്. ജമ്മു കശ്‌മീരിനെ നരകമാക്കി മാറ്റിയ യാഥാര്‍ത്ഥ്യത്തോട് പുറംതിരിഞ്ഞുനിന്നു കൊണ്ടാണ് രാഷ്‌ട്രതലവന്റെ ഈ മൊഴികള്‍.
ദേശീയ വിദ്യാഭ്യാസ നയം ജമ്മു കശ്‌മീരില്‍ നടപ്പിലാക്കുന്നതിനെ സ്വാഗതം ചെയ്‌തുകൊണ്ടാണ് ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്‌ട്രപതി ഇങ്ങനെ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയം നമ്മുടെ ചെറുപ്പക്കാരുടെ കഴിവ് വികസിപ്പിക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദേശീയ വിദ്യാഭ്യാസ നയം ആരംഭിക്കുന്നത് സുപ്രധാനമായ നാഴികക്കല്ലായാണ് അദ്ദേഹം കാണുന്നത്.
ഒരു പ്രദേശത്ത് വികസനം ഉണ്ടാകണമെങ്കില്‍ ആധൂനികമായ വീക്ഷണകോണോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം. ദേശീയ വിദ്യാഭ്യാസ നയം അത്തരം സമഗ്രമായ ഇടപെടലുകള്‍ക്കുള്ള മികച്ച ഉപാധിയാണോ? ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത് വികസിത രാജ്യങ്ങളില്‍ നടപ്പിലാക്കപ്പെടുന്ന ആധുനികമായ വിദ്യാഭ്യാസ സങ്കല്‍പ്പത്തിന്റെ ചുവടുപിടിച്ചുള്ളതല്ല ഈ നയമെന്നാണ്. ആധുനികമായ നയമെന്ന പ്രതീതി സൃഷ്‌ടിച്ചുകൊണ്ട് ഹിന്ദുത്വയുടെ അധോഗമന അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ഒളിച്ചുകടത്തലുകള്‍ ഈ നയത്തിലുണ്ട്. വിദ്യാഭ്യാസത്തെ പ്രാഥമിക ഘട്ടത്തില്‍ തന്നെ തൊഴില്‍ പഠനവുമായി അമിതമായി ബന്ധിപ്പിക്കുന്നതും ഇംഗ്ലീഷ് ഭാഷയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതുമായ നയം വിദ്യാഭ്യാസത്തിന്റെ ആധുനികമായ ഉദ്ദേശ്യങ്ങളെ ലഘൂകരിക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ വിദ്യാഭ്യാസത്തിലൂടെ മികച്ച പൗരന്മാരാക്കി മാറ്റുന്ന സജ്ജീകരണ ഘട്ടത്തില്‍ തന്നെ അവരെ തൊഴില്‍ പഠനങ്ങളിലേക്ക് തിരിച്ചുവിടുന്നത് ഫലത്തില്‍ പരമ്പരാഗതമായ സമ്പ്രദായങ്ങള്‍ തിരികെ കൊണ്ടുവരുന്ന ഒരു അജണ്ടയുടെ ഭാഗമാണ്. അത് യഥാര്‍ത്ഥമായ തൊഴില്‍ അധിഷ്‌ഠിത വിദ്യാഭ്യാസവുമല്ല.
ഇത്തരമൊരു നയത്തിലൂടെ കശ്‌മീരിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്നത് മൂഢന്മാര്‍ക്ക് മാത്രം കാണാന്‍ പറ്റുന്ന സ്വപ്‌നമാണ്. അധോഗമനത്തെ പുരോഗമനമായി കാണുന്ന വിലക്ഷണമായ ഒരു രാഷ്‌ട്രീയ സങ്കല്‍പ്പം തന്നെ കെട്ടിയേല്‍പ്പിക്കപ്പെടുന്ന ഒരു സവിശേഷ സാഹചര്യത്തിലാണ് ഇത്തരം സ്വപ്‌നവ്യാപാരങ്ങളും യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രസ്‌താവനകളും എഴുന്നള്ളിക്കപ്പെടുന്നത്.