സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനുമായുള്ള മുന്‍കാലത്തെ പോരാട്ടങ്ങള്‍ക്കിടെ തങ്ങള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. സ്വാശ്രയ കോളജ്, പരിസ്ഥിതി സംരക്ഷണം, അഴിമതിക്കാരായ എതിര്‍കക്ഷി നേതാക്കളോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളിലൊക്കെ ഇരട്ടത്താപ്പ്‌് എന്ന് വിളിക്കാവുന്ന നിലപാട് മാറ്റം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന് തടയിടുന്ന ഓര്‍ഡിനന്‍സില്‍ കണ്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അത്തരം നിലപാട് മാറ്റമാണ്. പക്ഷേ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും മനസിലാകാത്ത വിചിത്രമായ ന്യായീകരണങ്ങളുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചില്ല. പ്രതികരിക്കുന്ന മലയാളികള്‍ക്കു മുമ്പാകെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
മേല്‍ പരാമര്‍ശിച്ച വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം വന്നുവെങ്കില്‍ ഓര്‍ഡിനന്‍സിന്റെ കാര്യം അല്‍പ്പം വ്യത്യസ്‌തമാണ്. ഇതിന് അനുകൂലമായി സിപിഎം പാര്‍ട്ടി തലത്തില്‍ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം കൊണ്ടുവരണമെന്ന നിലപാട് സിപിഎമ്മിനില്ല. അത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനമാണ്. സാധാരണ നിലയില്‍ ഇത്തരമൊരു വിവാദ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അംഗീകാരം തേടേണ്ടതുണ്ട്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് പോലും കോണ്‍ഗ്രസ് അംഗീകരിക്കാത്ത നയവുമായി മുഖ്യമന്ത്രിമാര്‍ മുന്നോട്ടു പോകാറില്ല. അതേ സമയം മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത് പാര്‍ട്ടിയെ അറിയിക്കാതെയുള്ള നയരൂപീകരണമാണ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിനു ശേഷം മാത്രമാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ഇതേ കുറിച്ച് അറിയുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നത്. തിങ്കളാഴ്‌ച അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നതിനു ശേഷമാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. പാര്‍ട്ടിക്ക് അകത്ത് ഈ വിഷയം ചര്‍ച്ചാവിഷയമായിരുന്നെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള അനുമതി സര്‍ക്കാരിന് ലഭിക്കില്ലായിരുന്നു എന്നാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിയുടെ ഇത്തരം ഏകപക്ഷീയമായ നിലപാട് ഈ സര്‍ക്കാരിന്റെ പ്രതിച്ഛായയില്‍ കൂടുതല്‍ ചെളി തെറിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പൊലീസ് നിയമത്തില്‍ 118 എ വകുപ്പ് കൊണ്ടുവരാനുള്ള ഭേദഗതി നീക്കം നാളുകളായി മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഇത് സിപിഎമ്മിന്റെ മുന്‍നിലപാടില്‍ നിന്ന് വിരുദ്ധമാണെന്ന് പാര്‍ട്ടിയുടെ സഹയാത്രികര്‍ തന്നെ ചൂണ്ടികാട്ടിയിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ കേരള പൊലീസ് ആക്‌ടില്‍ കൊണ്ടുവന്ന ഭേദഗതി എല്‍ഡിഎഫിന്റെ മുന്‍നിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്. കേരള പൊലീസ് ആക്‌ടിലെ 118 ഡി വകുപ്പിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎം നേതാക്കള്‍ക്ക് 118 എ വകുപ്പിലൂടെ കൊണ്ടുവരുന്ന പുതിയ കരിനിയമത്തെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യം മാധ്യമങ്ങളിലൂടെ ഉയര്‍ന്നിരുന്നതാണ്. ആ സമയത്തെങ്കിലും നിലപാട് പുന:പരിശോധിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിക്ക് ആലോചിക്കാമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയും ഭേദഗതി പ്രാബല്യത്തില്‍ വരികയും ചെയ്‌തതിനു ശേഷം അത് പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്നതിലെ ഗതികേട് ഒഴിവാക്കാമായിരുന്നു.
പാര്‍ട്ടിയോ മുന്നണിയോ അറിയാതെ സര്‍ക്കാരുകള്‍ തീരുമാനമെടുക്കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണ്. പിണറായി സര്‍ക്കാര്‍ നേരിടുന്ന പഴി ഇത്തരത്തിലുള്ള തീരുമാനങ്ങളുടെ പേരിലാണ്. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളെ അമിതമായി ആശ്രയിക്കുന്ന മുഖ്യമന്ത്രിയുടെ രീതിയാണ് ഈ വിചിത്രമായ സ്ഥിതിവിശേഷത്തിന് കാരണം. സൈബര്‍ കുറ്റകൃത്യങ്ങളെ തടയാന്‍ അമിത അധികാരം വേണമെന്ന പൊലീസിന്റെ ആവശ്യത്തെ കണ്ണുമടച്ച് വിശ്വസിച്ച് കരിനിയമം കൊണ്ടുവരാന്‍ നീക്കം നടത്തുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്യുക എന്നത് ഒരു ഭരണാധികാരിയുടെ ആര്‍ജവത്തെയും ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയുമാണ് സംശയത്തിന്റെ നിഴലിലാക്കുന്നത്.