സ്വര്‍ണ കള്ളകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സിപിഎമ്മിനെതിരെയും ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന പരാതി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അനുകൂലികള്‍ ചില മാധ്യമങ്ങള്‍ക്കെതിരെ നിരന്തരമായി ഉന്നയിക്കുന്നുണ്ട്. ഈ പരാതി ഒരു ചാനലിനെ തന്നെ ബഹിഷ്‌കരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിലേക്കാണ് നയിച്ചത്. ഏഷ്യാനെറ്റിന്റെ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. സിപിഎം നേതാക്കളായ പാനലിസ്റ്റുകളെ ഏകപക്ഷീയമായ ചര്‍ച്ചകളില്‍ `ഒതുക്കുന്നു’വെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.
മലയാളത്തിലെ മുഖ്യധാരാ ചാനലുകള്‍ക്കും അതിലെ അവതാരകര്‍ക്കും എതിരെ സിപിഎം മാത്രമല്ല, മറ്റ് പാര്‍ട്ടികളുടെ നേതാക്കളും മുമ്പ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതിന് കൂടുതല്‍ പാത്രമായിട്ടുള്ളത് നമ്പര്‍ വണ്‍ ചാനല്‍ എന്ന വിശേഷണമുള്ള ഏഷ്യാനെറ്റ് തന്നെയാണ്. ഏഷ്യാനെറ്റിലെ ചര്‍ച്ചകളില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടു നിന്ന സംഭവം മുമ്പുണ്ടായിട്ടുണ്ട്. തിരിച്ച് ചാനലുകള്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെയും അങ്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ഇടക്കാലത്ത് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്കിയത് ഏഷ്യാനെറ്റ് ആയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവ് ടി.സിദ്ധിഖ് ഏഷ്യാനെറ്റിലെ ചര്‍ച്ചയ്‌ക്കിടെ ഇറങ്ങിപോയ സംഭവമുണ്ടായപ്പോള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കാതെ ഇറങ്ങിപോകുന്നതു തന്നെയാണ് നല്ലതെന്ന മട്ടിലാണ് ഏഷ്യാനെറ്റ് അവതാരകന്‍ പ്രതികരിച്ചത്. ഇന്ന് സിപിഎമ്മിന്റെ ബഹിഷ്‌കരണത്തിന് കാരണക്കാരനായ വിനു വി.ജോണ്‍ തന്നെയായിരുന്നു അന്നും അവതാരകന്.
ചാനല്‍ ചര്‍ച്ചകളിലെ അവതാരകരും പാര്‍ട്ടി നേതാക്കളും തമ്മിലുള്ള സംവാദം അനാരോഗ്യമകരമായ വാക്കുതര്‍ക്കത്തിലേക്ക് വഴിതെറ്റുന്ന പ്രവണത വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ചില അവതാരകര്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെയുള്ള രാഷ്ട്രീയ ചായ്‌വും മുന്‍കാല രാഷ്‌ട്രീയ ബന്ധങ്ങളും ചില പാര്‍ട്ടി നേതാക്കള്‍ക്ക് അവരെ ആക്രമിക്കാനുള്ള പ്രേരണയാകുന്നു, അതേ സമയം ചില നേതാക്കളെ തിരഞ്ഞു പിടിച്ച് പ്രകോപിപ്പിക്കുക എന്ന വിനോദത്തില്‍ ഏര്‍പ്പെടുന്ന അവതാരകരുമുണ്ട്. ദൃശ്യമാധ്യമ ചര്‍ച്ച എന്നത് ഒരു വാര്‍ത്തയുടെ വിശകലനത്തിന്റെ തുടര്‍ച്ചയായി സംഭവിക്കുന്ന ആരോഗ്യകരമായ വേദി ആകുന്നതിന് പകരം പരസ്‌പരം ചെളി വാരിയെറിയുന്ന മൂന്നാം കിട ഏര്‍പ്പാട് മാത്രമായി ചുരുങ്ങിപോയതിന്റെ ഫലമാണ് ഇതെല്ലാം.
ഒരു പാര്‍ട്ടിയോ സംഘടനയോ ഒരു മാധ്യമത്തെ ബഹിഷ്‌കരിക്കുമ്പോള്‍ സംഭവിക്കുന്നത് പല തരത്തിലുള്ള ഫലമാകാം. മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എന്‍എസ്‌എസ് മാതൃഭൂമി പത്രത്തെ ബഹിഷ്‌കരിച്ചപ്പോള്‍ അതിന്റെ കേടുപാട് പൂര്‍ണമമായും ആ മാധ്യമത്തിനായിരുന്നു. ചില പരസ്യദാതാക്കള്‍ കൂടി ബഹിഷ്‌കരണത്തിന്റെ വഴിയേ നീങ്ങിയപ്പോള്‍ മാതൃഭൂമി ഭയന്നു. ബഹിഷ്‌കരിച്ചവരെ അനുനയിപ്പിക്കാനുള്ള ശ്രമം മാതൃഭൂമിയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിനാണ് വഴിവെച്ചത്.
2000 ആദ്യ നാളുകളിലാണ് ആദ്യം ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്കരിച്ചതു അമ്മ എന്ന സിനിമ അസോസിയേഷൻ ആയിരുന്നു. ഒരൊറ്റ സിനിമാ ലൊക്കേഷനുകളിലോ ചാനലിനെ അടിപ്പിച്ചില്ല, ഏഷ്യാനെറ്റിന്റെ ഒരു പരിപാടിയിലും കുറെ നാൾ ഒരൊറ്റ താരങ്ങളും വന്നില്ല, ഒരു പുതിയ പാട്ടോ, സിനിമയുടെ ക്ലിപ്പിംഗ് ഇല്ലാതെ, സിനിമ വെച്ച് നടത്തിയ പരിപാടികൾ അവസാനം ഏഷ്യാനെറ്റ് പൂട്ടിക്കെട്ടി, പിന്നീട് അത് രമ്യമായി പരിഹരിക്കപ്പെട്ടു. കഴിഞ്ഞ 3 വർഷങ്ങളിൽ അത്തരത്തിൽ ഒരു ഭീഷണി നേരിട്ടത് മാതൃഭൂമിയാണ്, ഒരു മത വിഭാഗത്തിനെ കളിയാക്കിയ കാർട്ടൂണിന്റെ പേരിൽ മാതൃഭൂമിയെ ഒരു വിഭാഗം ആൾക്കാർ വിലക്കി, പലയിടത്തും പത്രങ്ങൾ എടുക്കാൻ പോലും ആളുണ്ടായില്ല, ഗൾഫിൽ സൂപ്പർ മാർക്കറ്റുകളിൽ പരസ്യമായി പത്രം വിലക്കിയതായി അറിയിപ്പുകൾ വന്നു. ഇതേ സമയത്തു താര സംഘടനകളും മാതൃഭൂമിയുമായി ഒരു തർക്കം വന്നു. അവരും മാതൃഭൂമിയെ ബഹിഷ്കരിച്ചു. രണ്ടു പ്രശ്നങ്ങളും മാനേജ്മെന്റ് നേരിട്ട് ചെന്ന് മാപ്പു പറഞ്ഞു ഏകദേശം പരിഹരിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഏഷ്യാനെറ്റ് വിരുദ്ധ പ്രചരണത്തിലൂടെ അവരുടെ ഫേസ്ബുക് അക്കൌണ്ടിൽ ഗണ്യമായ കുറവ് വരുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞത്, ചാനൽ സൂക്ഷമായി വിലയിരുത്തുന്നുണ്ട് എന്ന് വേണം കരുതാൻ. എന്നാൽ അത് ഭൂഷണമാണോ എന്ന് സൈബർ സഖാക്കൾ ചിന്തിക്കണം
അത്തരമൊരു ഭീഷണി ഏതായാലും സിപിഎമ്മിന്റെ ബഹിഷ്‌കരണത്തിന് കാരണക്കാരനായ ഏഷ്യാനെറ്റ് അവതാരകന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. പത്രത്തെ ഒരു സമുദായ സംഘടനയും അവരോട് കൂറുള്ള പരസ്യദാതാക്കളും ബഹിഷ്‌കരിക്കുന്നതില്‍ നിന്ന് വ്യത്യസ്‌തമാണ് ഒരു പാര്‍ട്ടിയിലെ നേതാക്കളുടെ ചര്‍ച്ചയില്‍ നിന്നുള്ള പിന്‍മാറ്റം. ഇത്തരമൊരു നീക്കം രണ്ട് കൂട്ടര്‍ക്കും ചില നഷ്‌ടങ്ങള്‍ വരുത്തിവെക്കാം. സിപിഎം നേതാക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന റേറ്റിംഗുള്ള ചാനലിലെ ചര്‍ച്ചയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനുള്ള അവസരം നഷ്‌ടമാകുന്നത് ഒരു ന്യൂനത തന്നെയാണ്. അതേ സമയം സിപിഎം നേതാക്കള്‍ പാനലിസ്റ്റുകളായി വരാത്ത ഏകപക്ഷീയമായി പോകാവുന്ന ചര്‍ച്ചയെ ഒഴിവാക്കി മറ്റ് ചാനലുകളിലേക്ക് ഒരു വിഭാഗം പ്രേക്ഷകര്‍ മാറിയാല്‍ അത് ഏഷ്യാനെറ്റിന്റെ റേറ്റിംഗിനെ ബാധിക്കാം. റേറ്റിങ്ങിനെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയും ഒരു ചാനലും ചെയ്യില്ല, പരസ്യം പോലും ഇല്ലാതരിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ചും. പക്ഷേ പ്രേക്ഷകർക്ക് തിരഞ്ഞെടുക്കാൻ ധാരാളം സാധ്യതയുള്ള സമയത്തു ചാനലുകൾക്കാണ് ആത്യന്തിക നഷ്ടം
റേറ്റിംഗിനെ മുന്‍നിര്‍ത്തി ചര്‍ച്ചകളെ യെലോ ജേര്‍ണലിസത്തിന്റെ വഴിയിലേക്ക് തള്ളിവിടുന്നത് അശ്ലീല കാഴ്‌ച തന്നെയാണ്. അതേ സമയം തന്നെ ചര്‍ച്ചകളില്‍ വന്നിരുന്ന് ഏത് തരത്തിലുള്ള വീഴ്‌ചയെയും ന്യായീകരിക്കുന്ന നേതാക്കളെ വെറും നോക്കുകുത്തികളായി മാത്രമേ ജനം കാണുകയുള്ളൂ.