പെരുന്നാൾ അവധിക്കു ശേഷം അജ്മാനിലെ സർക്കാർ സ്ഥാപനങ്ങൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കും. എമിറേറ്റിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചു അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് മാനവ വിഭവ വകുപ്പ് പുറത്തിയ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ അവധിക്കു ശേഷം ഓഗസ്റ്റ് 3 നാണ് സർക്കാർ സ്ഥാപനങ്ങൾ തുറക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലിക്കാരെ കുറച്ചും ഓൺലൈനായും പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടന്നിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുന്നത് സുഗമമായി നടപ്പാക്കാൻ നേരത്തെ പദ്ധതി നടപ്പാക്കിയിരുന്നു. ഘട്ടം ഘട്ടമായാണ് നടപടി പൂർത്തീകരിച്ചത് ജൂൺ ഒന്നു മുതൽ 30% ജീവനക്കാരെയും ജൂലൈ ഒന്നുമുതൽ പകുതിയിലധികം ജീവനക്കാരെയും ജോലിക്കെത്തിച്ചു പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയിരുന്നു. ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട് . കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളുടെ ഫലമായാണ് മുഴുവൻ ജീവനക്കാരെയും തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചതെന്നു അധികൃതർ അറിയിച്ചു.