2018ല്‍ പുറത്തിറങ്ങിയ `പരിയേറും പെരുമാള്‍’ എന്ന തമിഴ് ചിത്രം ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമുഹ്യ വിവേചനം എന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തില്‍ നായികയുടെ സവര്‍ണ മാടമ്പിയായ അച്ഛന്‍ പറയുന്ന `ഇതെല്ലാം നാളെ മാറുമായിരിക്കും’ എന്ന പശ്ചാത്താപത്തോടെയുള്ള വാക്കുകള്‍ക്ക് ദളിതനായ നായകന്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്: “ നിങ്ങള്‍ ഇങ്ങനെയിരിക്കുന്ന കാലത്തോളം, നിങ്ങള്‍ ഞങ്ങളെ പട്ടികളെ പോലെ കാണുന്ന കാലത്തോളം ഒന്നിലും ഒരു മാറ്റവുമുണ്ടാകില്ല.”
സവര്‍ണരുടെ മനോഭാവം മാറാത്തിടത്തോളം കാലം ജാതി വിവേചനം തുടരുമെന്ന ആ നിരീക്ഷണം ഇന്ത്യയുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നു. മനോഭാവങ്ങള്‍ മാറാനും സാമൂഹികമായ നീതി ഉറപ്പുവരുത്താനും വേണ്ടിയാണ് ഭരണഘടനാ ശില്‍പ്പികള്‍ പിന്നോക്ക ജാതികള്‍ക്കുള്ള സംവരണം ഭരണഘടനാപരമായ അവകാശമായി കൊണ്ടുവന്നത്. സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ളതിനേക്കാള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വര്‍ഗ വിവേചനം നിലനില്‍ക്കുന്ന ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യത്തെ മുന്നില്‍ കണ്ടാണ് സംവരണം എന്ന സാമൂഹിക പരിഷ്‌കരണ പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍ സംവരണം സമൂഹത്തിലുള്ള ഒരു വിഭാഗം പിന്നോക്ക ജാതിക്കാരുടെ ഉന്നമനത്തിന് വഴിവെച്ചുവെങ്കിലും അത് മേല്‍പ്പറഞ്ഞ മനോഭാവത്തില്‍ മാറ്റം വരാത്തത് മൂലം പൂര്‍ണമായി ലക്ഷ്യം കാണാതെ പോകുന്ന സ്ഥിതിയുണ്ടായി.
എണ്‍പതുകളുടെ അവസാനത്തോടെയും തൊണ്ണൂറുകളുടെ ആദ്യത്തോടെയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദളിത് രാഷ്‌ട്രീയം ശക്തിയാര്‍ജിച്ചപ്പോള്‍ ബിഎസ്‌പി പോലുള്ള പാര്‍ട്ടികളിലേക്ക് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ ഒട്ടേറെ ദളിതരാണ് എത്തിച്ചേര്‍ന്നത്. സ്ഥാനത്യാഗം ചെയ്‌തവരും വിരമിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെ രാഷ്‌ട്രീയത്തിലേക്ക് നയിച്ച പൊതുവികാരം സിവില്‍ സര്‍വീസില്‍ അവര്‍ നേരിട്ട കൊടിയ അനീതിയും ജാതീയമായ വിവേചനവുമായിരുന്നു. സവര്‍ണരായ കീഴുദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവുകളും നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നതു കണ്ട് നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നവരായിരുന്നു ഇവര്‍. വിദ്യാഭ്യാസ യോഗ്യതയും സംവരണവും കൈമുതലാക്കി നേടിയെടുത്ത സര്‍ക്കാര്‍ സര്‍വീസിലെ ഉന്നത സ്ഥാനം കൊണ്ടൊന്നും തങ്ങളോടുള്ള സവര്‍ണരുടെ മനോഭാവം മാറില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരാണ് സാമൂഹിക മാറ്റത്തിനുള്ള മറ്റ് സാധ്യതകള്‍ തേടി സ്വത്വരാഷ്‌ട്രീയത്തിന് കീഴില്‍ അണിനിരന്നത്.
അതേ സമയം കേരളത്തിന്റെ സ്ഥിതി ഇതില്‍ നിന്നും കുറെക്കൂടി വ്യത്യസ്‌തമാണെന്ന് പറയേണ്ടിയിരിക്കുന്നു. സംവരണത്തോടൊപ്പം സാര്‍വത്രിക വിദ്യാഭ്യാസം, നവോത്ഥാന പ്രസ്ഥാനം പാകിയ മൂല്യങ്ങളുടെ വിത്തുകള്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഭാവന ചെയ്‌ത സമഭാവന തുടങ്ങിയ ഘടകങ്ങള്‍ പിന്നോക്ക ജാതികളുടെ വലിയ തോതിലുള്ള സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സംവരണം സാമ്പത്തിക നീതി ഉറപ്പുവരുത്തുമെന്ന വാദഗതി മുന്നോട്ടുവരുന്നത്. ഇത് ജാതിസംവരണത്തിന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ സാമ്പത്തികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വഴിയൊരുക്കുമെന്നാണ് ഈ വാദഗതിയുടെ യുക്തി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രത്യക്ഷത്തില്‍ സ്വീകാര്യമായി തോന്നാമെങ്കിലും പാര്‍ശ്വല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ഇത് മൂലം സാധ്യമാകുമെന്ന് തോന്നുന്നില്ല. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തിക സംവരണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത് വിചിത്രമായ മാനദണ്‌ഡങ്ങളാണ് എന്നതു തന്നെ കാരണം. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം (പ്രതിമാസം 33,000 രൂപ) ഉള്ളവര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാണ്. ഇതിന് പുറമെ പഞ്ചായത്തുകളില്‍ രണ്ടര ഏക്കര്‍ വരെയും മുനിസിപ്പാലിറ്റുകളില്‍ മുക്കാല്‍ ഏക്കര്‍ വരെയും കോര്‍പ്പറേഷനില്‍ അര ഏക്കര്‍ വരെയും ഭൂമി കുടുംബ സ്വത്തായുണ്ടെങ്കില്‍ പോലും സാമ്പത്തിക സംവരണത്തിന് അര്‍ഹരാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ അര ഏക്കര്‍ വരെ ഭൂമിയുള്ള ഒരാളുടെ ആസ്‌തിയുടെ മൂല്യം ഒരു കോടി രൂപക്ക് മുകളിലെങ്കിലും ആയിരിക്കും. ഇത്രയും വരുമാനവും ആസ്‌തിയുമുള്ളവര്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥയിലാണ് എന്ന യുക്തി വിചിത്രം തന്നെ. ഫലം വരുമാനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ ഉയര്‍ന്ന വരുമാനക്കാരുമായി മത്സരിക്കേണ്ടി വരും. സംവരണ പരിധിക്കുള്ളില്‍ വരുന്നവരില്‍ മെറിറ്റില്‍ മുന്നില്‍ നില്‍ക്കാന്‍ സാധ്യതയുള്ള മുന്നോക്ക വരുമാനക്കാര്‍ സംവരണത്തിന്റെ ഗുണം തട്ടിയെടുക്കുകയും ചെയ്യും. സാമാന്യബുദ്ധിക്ക് നിരക്കാത്ത ഈ മാനദണ്‌ഡം കൊണ്ടുവന്നത് തീര്‍ത്തും രാഷ്‌ട്രീയ പ്രേരിതമാണ്. സവര്‍ണരില്‍ ഭൂരിഭാഗത്തിന്റെയും വോട്ട് എന്ന ഏകലക്ഷ്യമാണ് മാനദണ്‌ഡങ്ങള്‍ നിര്‍വചിക്കുന്നതിലെ യുക്തിരാഹിത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നേ കരുതാനാകൂ.