ദുബായ് : വിദേശ യാത്രയ്ക്കായി വിമാന ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സൈബർ തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്ത്.
‘സ്മാർട്ട് ട്രാവൽ’ എന്ന സൈബർ സുരക്ഷാ വെബ്‌സൈറ്റ് നൽകിയ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്.
യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (PNR) എന്നിവ അടങ്ങിയ ബോർഡിങ് പാസ് ഹാക്കർമാർക്ക് അനായാസം വഴിയാക്കും. ബോർഡിങ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ, ഹാക്കർമാർക്ക് യാത്രാ വിവരങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം ചെയ്യാൻ കഴിയും.
ബാർകോഡിലെ ഭീഷണി:
ബോർഡിങ് പാസിലെ ബാർകോഡ് സ്‌കാൻ ചെയ്താൽ യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ലയർ അംഗത്വം, ഭാവിയിലെ യാത്രാ വിവരങ്ങൾ മുതലായവ ലഭ്യമാക്കാനാകുമെന്നാണ് സൈബർ സുരക്ഷാ വെബ്‌സൈറ്റായ Krebs on Security പറയുന്നത്.
സാധ്യമായ അപകടങ്ങൾ:
- വിമാന സീറ്റ് മാറ്റം
- ഭാവിയിലെ യാത്ര റദ്ദാക്കൽ
- എയർലൈൻ അക്കൗണ്ട് കവർച്ച
- ഹോട്ടൽ, ട്രാൻസ്‌പോർട്ട് ബുക്കിംഗുകൾ മാറ്റി ആൾമാറാട്ടം
സുരക്ഷാ നിർദേശങ്ങൾ:
- ബോർഡിങ് പാസ് നിർബന്ധമായും പങ്കുവയ്ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിലെ ബാർകോഡ്, ബുക്കിങ് നമ്പർ തുടങ്ങിയ രഹസ്യ വിവരങ്ങൾ മറയ്ക്കണം.
- എല്ലാ യാത്രാ രേഖകളും സ്വകാര്യവിവരങ്ങളായി കണക്കാക്കി, പൊതുപ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
നാലാളറിയാൻ പോസ്റ്റ് ചെയ്ത ബോർഡിങ് പാസ് ഹാക്കർമാരെ അറിയിച്ച് അപകടത്തിലാക്കുന്നു’ എന്നതാണ് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്.