കുവൈത്ത് സിറ്റി: ബലിപെരുന്നാൾ (ഇദ് അൽ അദ്ഹ) പ്രമാണിച്ച് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുവൈത്തിലെ അമീർ ശൈഖ് മിഷ്‌അൽ അൽ അഹ്മദ് അൽ ജാബിർ അസ്-സബാഹ് ഹൃദയപൂർവ്വമായ പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും സുരക്ഷയും നിറഞ്ഞ ഒരു പെരുന്നാൾ ആയിരിക്കട്ടെയെന്നുമാണ് അമീർ തന്റെ സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അറബ്, മുസ്ലിം രാജ്യങ്ങളുടെ നേതാക്കൾക്കും അമീർ ആശംസകൾ അയച്ചു. ഈ രാജ്യങ്ങൾ കൂടുതൽ അനുഗ്രഹങ്ങൾക്കും സ്ഥിരതക്കും സുരക്ഷയ്ക്കും അർഹരാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും സമാധാനവും സുരക്ഷയും നൽകാനും അദ്ദേഹം ദൈവത്തെ അപേക്ഷിച്ചു.
കിരീടാവകാശിയായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്-സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ അഹ്മദ് അസ്-സബാഹും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീറിന് ആശംസകൾ നേർന്നു.
പെരുന്നാൾ അവധി ഇന്ന് മുതൽ ആരംഭിക്കുന്നു
കുവൈത്തിൽ ബക്രീദ് അവധി ഇന്ന് (ജൂൺ 5) ആരംഭിക്കുന്നു. ഈ വർഷം അഞ്ചുദിവസമാണ് ഔദ്യോഗിക അവധി — ജൂൺ 5 മുതൽ 9 വരെയാണ് പെരുന്നാൾ ബ്രേക്ക്. ജൂൺ 10 ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും പുനരാരംഭിക്കും.
പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാനായി നിരവധി പ്രവാസികൾ നാടിലേക്ക് തിരിച്ചു പോകുന്നുണ്ട്. അഞ്ചുദിവസത്തെ അവധിയോടൊപ്പം കുറച്ച് അവധി ദിവസങ്ങൾ കൂടി ചേർത്ത് നിരവധി പേർ കൂടുതൽ സമയം നാട്ടിൽ കഴിയുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്കൂൾ അവധിയുടെ സമയമായതിനാൽ മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലേക്കായി കുവൈത്തിൽ നിന്നും നിരവധി മലയാളി കുടുംബങ്ങൾ നാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്.