English മലയാളം

Blog

എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ്‌ ഫലമാണ്‌ ബീഹാറില്‍ നിന്നുണ്ടായത്‌. നിതീഷ്‌ കുമാര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുകള്‍ പാടേ തെറ്റിച്ചുകൊണ്ടാണ്‌ എന്‍ഡിഎ വിജയം വരിച്ചത്‌. അധികാരം നിലനിര്‍ത്താനായെങ്കിലും ജെഡിയു ബിജെപിക്ക്‌ പിന്നിലായതോടെ നിതീഷ്‌ കൂമാറിന്റെ പ്രഭാവത്തിന്‌ കാര്യമായ മങ്ങേലറ്റു.

ബീഹാറില്‍ അപ്രതീക്ഷിതമായ വിജയം നേടിയതിനൊപ്പം ഉപതിരഞ്ഞെടുപ്പ്‌ നടന്ന മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തര്‍പ്രദേശ്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും എന്‍ഡിഎ യുടെ തേരോട്ടമാണ്‌ കണ്ടത്‌. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താന്‍ ആവശ്യമായതിലും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎ നേടി.

രാജ്യത്തെ ബിജപിയുടെ മുന്നേറ്റത്തിനും മോദി തരംഗത്തിനും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ്‌ ഈ തിരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നത്‌. അശാസ്‌ത്രീയമായ ലോക്‌ഡൗണിലൂടെ ജനകോടികളെ ബുദ്ധിമുട്ടിക്കുകയും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ എക്കാലത്തെയും വലിയ തളര്‍ച്ചയിലേക്ക്‌ നയിക്കുകയും ചെയ്‌ത കേന്ദ്രസര്‍ക്കാരിനെതിരെ ഒരു ജനവികാരവും ഈ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചില്ല. ബീഹാറിലെ ഭരണവിരുദ്ധ വികാരം മൂലം നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ പുറന്തള്ളപ്പെടുമെന്നാണ്‌ കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. കുടിയേറ്റ തൊഴിലാളികളോട്‌ അങ്ങേയറ്റം മനുഷ്യത്വീഹീനമായി പെരുമാറിയ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെതിരായ ജനവിധിക്കുള്ള അവസരം ആയിരുന്നു ഇതെങ്കിലും ജനങ്ങള്‍ ചിന്തിച്ചത്‌ മറ്റു തരത്തിലാണ്‌.

Also read:  കോവിഡ്‌ കാലത്തു തന്നെ വേണോ ക്ഷേത്രനിര്‍മാണം?

ബീഹാറില്‍ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി എന്ന അജണ്ട ബിജെപി ഭംഗിയായ നിര്‍വഹിച്ചു. ജെഡിയുവിനെ പിന്നിലാക്കി ബിജെപി ബഹുദൂരം മുന്നില്‍ പോയതാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന സംഭവവികാസം. ബിജെപി 74 സീറ്റ്‌ നേടിയപ്പോള്‍ മുന്നണിയിലെ മുഖ്യകക്ഷി എന്ന നിലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെഡിയുവിന്‌ നേടാന്‍ സാധിച്ചത്‌ 43 സീറ്റുകള്‍ മാത്രം. പ്രതിപക്ഷ സഖ്യത്തെ പിന്നിലാക്കി ഭരണം നിലനിര്‍ത്തുന്നതിനൊപ്പം ജെഡിയുവിനെ ഒതുക്കുക കൂടി ചെയ്യുക എന്ന ലക്ഷ്യം ബിജെപി നേടിയെടുത്തു. നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ ബിജെപി സമ്മതിച്ചാലും അധികം വൈകാതെ ബീഹാറിലെ നിതീഷ്‌ യുഗം അവസാനിക്കുമെന്നാണ്‌ രാഷ്‌ട്രീയ സൂചന.

Also read:  പാര്‍ട്ടി അണികളും പിണറായി നേരിടുന്ന പ്രതിസന്ധിയും

മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തിരഞ്ഞെടുപ്പുകളില്‍ അത്‌ പ്രതിഫലിപ്പിക്കപ്പെടാതെ പോകുന്ന വിരോധാഭാസം ഇത്തവണയും ആവര്‍ത്തിക്കുന്നതാണ്‌ കണ്ടത്‌. തേജസ്വി യാദവിന്റെ ആര്‍ജെഡിക്കൊപ്പം ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി രൂപീകരിച്ച സഖ്യം ബീഹാറില്‍ വിജയിച്ചാല്‍ ദേശീയ തലത്തില്‍ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കാണ്‌ കനത്ത തിരിച്ചടിയേറ്റത്‌. ബീഹാറില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്‌ നേടാനായത്‌ 19 സീറ്റ്‌ മാത്രം. മത്സരിച്ച 19 സീറ്റില്‍ 12ലും വിജയിച്ച സിപിഐ-എംഎല്ലിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോഴാണ്‌ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ദയനീയത എത്രത്തോളമെന്ന്‌ വ്യക്തമാകുന്നത്‌.

Also read:  കോവിഡിന്റെ മറവില്‍ ചോദ്യങ്ങളില്‍ നിന്ന്‌ തടിതപ്പാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്‌

മധ്യപ്രദേശില്‍ പരമാവധി സീറ്റുകള്‍ വിജയിച്ച്‌ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യവും പാടേ പാളി. തിരഞ്ഞെടുപ്പ്‌ നടന്ന 28 സീറ്റില്‍ 19ഉം വിജയിച്ചതോടെ ബിജെപി സര്‍ക്കാര്‍ അധികാരം അരക്കിട്ടുറപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ജയിച്ച 27 സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ്‌ നിലനിര്‍ത്തിയത്‌.

രാഷ്‌ട്രീയ നിരീക്ഷകരുടെയും തിരഞ്ഞെടുപ്പ്‌ വിദഗ്‌ധരുടെയും എക്‌സിറ്റ്‌ പോളുകളുടെയും വിശകലനങ്ങളും പ്രവചനങ്ങളും എന്തു തന്നെയായാലും വിജയം അന്തിമമായി തങ്ങളുടേതാക്കുന്നതിന്‌ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന എന്‍ഡിഎയെ തടയാന്‍ പ്രതിപക്ഷത്തിന്‌ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ബിജെപിയുടെ തേരോട്ടത്തെ ചെറുക്കാന്‍ തിരഞ്ഞെടുപ്പുകളില്‍ തീര്‍ത്തും മങ്ങിപ്പോയ കോണ്‍ഗ്രസിന്റെ കൈയില്‍ ആയുധങ്ങളില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം.