പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉടലെടുത്ത ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതിപക്ഷം ബില്ലുകള്‍ക്കെതിരെ രംഗത്തു വന്നത്. അതേ സമയം ബില്ലുകള്‍ കര്‍ഷകര്‍ക്ക് ഗുണമേ ചെയ്യൂ എന്ന അവകാശവാദത്തോടെയാണ് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയെടുത്തത്.
ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ ശക്തമായ പ്രക്ഷോഭമാണ് പ്രതിപക്ഷത്തെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. കര്‍ഷകരാണ് ഈ ബില്ലുകളുടെ ദോഷവശം ആദ്യമേ തിരിച്ചറിഞ്ഞത്. ബില്ല് പാസാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ വലിയ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷത്തെ ഈ ബില്ലിന്റെ ദോഷവശങ്ങള്‍ തിരിച്ചറിയാന്‍ പ്രേരിപ്പിച്ചത് തെരുവിലേക്കറിറങ്ങിയ കര്‍ഷകരാണ്. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വൈകി മാത്രമേ ഇടപെടുന്നുള്ളൂവെന്നവിമര്‍ശനത്തെ ശരിവെക്കുന്ന മറ്റൊരു ഉദാഹരണം കൂടിയാണ് ഇത്.
പഞ്ചാബും ഹരിയാനയും പോലുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ടമായി തെരുവിലിറങ്ങിയത് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ ബാനറിനു കീഴിലല്ല. എന്‍ഡിഎ സര്‍ക്കാരില്‍ അംഗമായ ശിരോമണി അകാലിദള്‍ ഈ പ്രശ്‌നത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ നിര്‍ബന്ധിതമായത് പഞ്ചാബിലെ കര്‍ഷകര്‍ നടത്തുന്ന സമരം മൂലമാണ്. ഈ ബില്ലിനെ അനുകൂലിച്ചാല്‍ തങ്ങളുടെ സംസ്ഥാനത്തെ കര്‍ഷകരുടെ പിന്തുണ നഷ്‌ടപ്പെടുമെന്ന തിരിച്ചറിവാണ് എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ രാജിവെക്കുന്നതില്‍ കലാശിച്ചത്. കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് ശിരോമണി അകാലിദളിന്റെ പ്രതിനിധികള്‍ രാഷ്‌ട്രപതിയെ സന്ദര്‍ശിക്കുകയും ചെയ്‌തു.
കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത കമ്പോളം തുറക്കുന്നതോടെ തങ്ങള്‍ക്ക് മതിയായ വില കിട്ടില്ലെന്ന ഭീതിയാണ് ഈ ബില്ലുകള്‍ക്കെതിരെ തിരിയാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. കമ്പോളത്തിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ കോര്‍പ്പറേറ്റുകള്‍ വിപണിയെ ഭരിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും ഇത് തീര്‍ച്ചയായും തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമല്ല സൃഷ്‌ടിക്കുകയെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. അതേ സമയം ഇടനിലക്കാരില്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഉയര്‍ന്ന വില നേടിയെടുക്കാനും വിപണി നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നടപ്പിലാക്കിയിരിക്കുന്ന കമ്പോളത്തില്‍ പോലും കര്‍ഷകര്‍ക്ക് അര്‍ഹമായ വില കിട്ടുന്നില്ല. അതുകൊണ്ടാണ് മിനിമം താങ്ങുവില കര്‍ഷകരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം ഏതാണ്ട് 94 ശതമാനം പേര്‍ക്കും മിനിമം താങ്ങു വില ലഭ്യമാകുന്നില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടികാട്ടുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വിപണിയിലേക്ക് സ്വതന്ത്രമായി കടന്നുവരാനും വിലപേശി വില ഉറപ്പിക്കാനും സാധിക്കുന്ന സാഹചര്യം കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന സര്‍ക്കാര്‍ വാദം യുക്തിസഹമല്ല.
2004ല്‍ രൂപീകൃതമായ എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങെങ്കിലും താങ്ങ് വിലയായി ലഭ്യമാക്കണമെന്നാണ് ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. താങ്ങുവില കാലോചിതമായി പരിഷ്‌കരിക്കുകയും കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നടപ്പിലാക്കുകയും ചെയ്‌താല്‍ മാത്രമേ കര്‍ഷകര്‍ക്ക് തങ്ങളുടെ ജീവനോപാധി സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാകൂ.
2018ലെ കര്‍ഷക സമരത്തിന് മുന്നില്‍ സര്‍ക്കാരിന് അടിയറവ് പറയേണ്ടി വന്നത് ഈ അവസരത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം മതിയായ ഉറപ്പുകള്‍ സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് കര്‍ഷകര്‍ക്ക് കിട്ടാതെ കെട്ടണയുമെന്ന് കരുതാനാകില്ല.