സ്വര്‍ണ കടത്ത് വിവാദം സോളാര്‍ കേസിന് ശേഷം മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ ഒന്നാന്തരം കോളു തന്നെ. ചേരുവകളെല്ലാം ഏകദേശം സമാനം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം, മുഖ്യമസാല ചേരുവയായി ആരോപണ വിധേയയായ വനിത, അവര്‍ക്ക് ഭരണതലത്തില്‍ ആരുമായൊക്കെ പങ്കുണ്ടെന്ന ശ്രുതികള്‍ തുടങ്ങിയ സോളാര്‍ കേസുമായി താരതമ്യപ്പെടുത്താവുന്ന എല്ലാ ഘടകങ്ങളും സ്വര്‍ണ കടത്ത് വിവാദത്തിലും ഒത്തുചേര്‍ന്നിട്ടുണ്ട്. എന്നാല്‍ സോളാര്‍ കേസിനേക്കാള്‍ ഏറെ ഗൗരവമുള്ള, നയതന്ത്ര മാനങ്ങളിലേക്ക് കടക്കുന്ന വിഷയമാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന കണ്ടെത്തലും ഇത് പതിവായി നടന്നിരുന്ന ഏര്‍പ്പാടാണ് എന്ന വെളിപ്പെടുത്തലും.
ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന ഏറ്റവും ഗൗരവകരമായ ചോദ്യത്തിലേക്ക് മാധ്യമങ്ങള്‍ കടക്കാന്‍ മടി കാണിക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം. 30 കിലോ സ്വര്‍ണമൊക്കെ ജ്വല്ലറികള്‍ ലക്ഷ്യമിട്ട് മാത്രമേ കടത്താനിടയുള്ളൂ. അങ്ങനെയിരിക്കെ ആര്‍ക്കു വേണ്ടിയാണ് കടത്ത് നടന്നതെന്ന അന്വേഷണം മാധ്യമങ്ങളുടെ പരസ്യവരുമാന ദാതാക്കളായ ജ്വല്ലറികളിലേക്ക് എത്തിച്ചേരുമെന്നതിനാല്‍ അതിലേക്ക് കടക്കാതെ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസ്, വനിതയുടെ വഴിവിട്ട ബന്ധങ്ങള്‍ എന്നീ ഫോക്കല്‍ പോയിന്റുകളില്‍ മാത്രമായി ഒതുക്കാനാണ് മാധ്യമ ചര്‍ച്ചകള്‍ ശ്രമിക്കുന്നത്.
പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു എന്ന ആരോപണം ശരിയല്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്ന് എം.ശിവശങ്കറിനെ നീക്കുക കൂടി ചെയ്‌തതോടെ തന്റെ ഭാഗം `ക്ലിയര്‍’ ആണെന്ന് കാണിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍ നേരത്തെ സ്‌പ്രിങ്ക്‌ളര്‍ വിവാദത്തിലും ഉള്‍പ്പെട്ട ശിവശങ്കറിന് ഭരണതലത്തില്‍ നല്‍കിയ സ്വാതന്ത്ര്യം, അയാള്‍ പല കാര്യങ്ങളും സ്വന്തം നിലയില്‍ ചെയ്യുകയായിരുന്നുവെന്ന സംശയം ഇതൊക്കെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. ഏറെ വിശ്വസ്‌തനായതു കൊണ്ടാണല്ലോ ഐടി സെക്രട്ടറി എന്നതിന് പുറമെ തന്റെ സെക്രട്ടറി കൂടിയായി മുഖ്യമന്ത്രി ശിവങ്കറിനെ നിയോഗിച്ചത്. അങ്ങനയൊരാള്‍ക്ക് ആരോപണ വിധേയായ സ്‌ത്രീയുമായുള്ള അടുത്ത ബന്ധവും ഐടി വകുപ്പിലെ അവരുടെ നിയമനവും വിശ്വസിക്കാന്‍ കൊള്ളാത്ത വിശ്വസ്‌തരെയാണ് മുഖ്യമന്ത്രി കൂടെകൊണ്ടു നടക്കുന്നത് എന്ന തോന്നലാണ് സൃഷ്‌ടിക്കുന്നത്.
കേസിലെ ആരോപണ വിധേയക്ക് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന ആരോപണത്തിന് തെളിവായി പൊതുപരിപാടികളില്‍ നില്‍ക്കുന്ന ഫോട്ടോകളാണ് എടുത്തു കാണിക്കുന്നത്. അതേ സമയം യുഎഇ കോണ്‍സുലേറ്റ് നടത്തിയ പരിപാടികളുടെ ഫോട്ടോകളില്‍ എല്ലാ നേതാക്കന്‍മാരെയും കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അതൊരു ഉപരിതല സ്‌പര്‍ശിയായ ആരോപണം മാത്രമാണ്. എന്നാല്‍ ഇതിനേക്കാളൊക്കെ മര്‍മപ്രധാനമായ കാര്യം സ്വര്‍ണം എങ്ങനെ ഡിപ്ലോമാറ്റിക് ബാഗേജ് ആയി യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയെന്നതാണ്. മുന്‍പ് ഇതുപോലെ ബാഗേജ് കടത്തിയപ്പോള്‍ അതിന് ക്ലിയറന്‍സ് നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സരിത്തിനും കമ്മിഷന്‍ നല്‍കിയത് ആരെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
സ്വര്‍ണ കടത്തിന് പിന്നിലെ ഉള്ളുകള്ളികളെ കുറിച്ച് പുറത്തു കൊണ്ടുവരാനുള്ള അന്വേഷണം നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയം, കസ്റ്റംസ്, എമിഗ്രേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളാണ്. അതായത് ഈ കളിയില്‍ പന്ത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. അവരാണ് കളി വിദഗ്‌ധമായി മുന്നോട്ടു കൊണ്ടു പോകേണ്ടത്. കടത്തിന് പിന്നിലെ വന്‍സ്രാവുകളെ തൊടാത്ത ഒത്തുകളിയാകാതെ അത് അവസാനിക്കാതെ നോക്കേണ്ടതും കേന്ദ്ര ഏജന്‍സികളാണ്.
ഒപ്പം ശിവശങ്കരന്‍ വഴിവിട്ടു നടത്തിയെന്ന് പറയുന്ന നിയമനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരിക സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ബാധ്യതയാണ്. ഇരട്ടപദവി ചിലതൊക്കെ സ്വന്തം നിലയില്‍ നടത്താനുള്ള ലൈസന്‍സായി ശിവശങ്കരന്‍ എടുത്തോ എന്ന് അന്വേഷിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് മുഖ്യമന്ത്രിയുടെ ധാര്‍മികമായ ഉത്തരവാദിത്തമാണ്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം.