അബൂദബി: വിദ്യാര്‍ഥികളെ ഇറക്കാനോ കയറ്റാനോ ആയി സ്കൂള്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്തുകയും സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തി ബോധവത്കരണ വിഡിയോയുമായി അബൂദബി പൊലീസ്. കാറില്‍ സഞ്ചരിക്കുന്ന കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംഭാഷണമായാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. സ്കൂളിന് മുന്നില്‍ നിര്‍ത്തിയ ബസ് സ്റ്റോപ്പ് സിഗ്നല്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ച ശേഷവും ഇതവഗണിച്ച് ഒരു കാര്‍ മുന്നോട്ടു പോവുന്നതുകണ്ട് പിന്നാലെ വരുന്ന കാറിലെ കുടുംബമാണ് വിഡിയോയിലെ കഥാപാത്രങ്ങള്‍.
മുന്നില്‍ പോയ കാര്‍ ഡ്രൈവറുടെ അശ്രദ്ധ പിന്നാലെ വരുന്ന കാര്‍ ഓടിക്കുന്ന യുവാവ് ചൂണ്ടിക്കാട്ടുമ്പോള്‍ മുന്‍സീറ്റിലെ യാത്രികനായ വയോധികന് അപകടകരമായ സ്വഭാവമാണെന്ന് വ്യക്തമാക്കുന്നു. സ്കൂള്‍ ബസ് സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമ്പോള്‍ വാഹനം നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ലെന്ന് പിന്നിലിരിക്കുന്ന യുവതി ഈ സമയം പറയുന്നുണ്ട്. ഭാവി തലമുറയായ കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പിന്‍സീറ്റിലെ വയോധികയും പറയുന്നു. സ്റ്റോപ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന സ്കൂള്‍ ബസിന്റെ അഞ്ചു മീറ്റര്‍ പിന്നില്‍ വാഹനം നിര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവരില്‍നിന്ന് 1000 ദിര്‍ഹം പിഴ ഈടാക്കുകയും 10 ട്രാഫിക് പോയന്റ് ചുമത്തുകയും ചെയ്യുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു.
