തിരുവനന്തപുരം: സിപിഒ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉദ്യോഗസ്ഥരുടെ ചര്‍ച്ച നാലരയ്ക്ക്. ആഭ്യന്തര സെക്രട്ടറി ടി.കെ ജോസും എഡിജിപി മനോജ് എബ്രഹാമും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇരുറാങ്കില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ വീതം ചര്‍ച്ചയില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതില്‍ സന്തോഷമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. 26 ദിവസത്തിന് ശേഷമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.സര്‍ക്കാര്‍ പ്രതിനിധിയായി എത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ചര്‍ച്ചയ്ക്കുള്ള സര്‍ക്കാരിന്റെ കത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയത്.
കത്തുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എത്തിയെന്ന് എല്‍ ജി എസ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധിയായ ലയാ രാജേഷാണ് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. പതിമൂന്നാം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം. മന്ത്രിതല ചര്‍ച്ചയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്.
ചര്‍ച്ച വേണ്ടെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് ഗവര്‍ണറും ആവശ്യപ്പെട്ടതായാണ് സൂചന. ചര്‍ച്ച വേണ്ടെന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.