കലങ്ങിമറിഞ്ഞ രാജസ്ഥാന്‍ രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന സംഭവവികാസങ്ങളാണ് ഇന്നുണ്ടായത്. രാജസ്ഥാനില്‍ നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ ഒടുവില്‍ അനുമതി നല്‍കി. നിയമസഭ ചേരണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശുപാര്‍ശ രണ്ട് തവണ മടക്കിയതിനു ശേഷമാണ് ഗവര്‍ണര്‍ നിലപാട് മാറ്റിയത്. സുപ്രിം കോടതിയിലെ ഹര്‍ജി സ്‌പീക്കര്‍ പിന്‍വലിച്ചതാണ് രണ്ടാമത്തെ സംഭവം.
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ നിയമസഭ വിളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് നേരത്തെ ഗവര്‍ണര്‍ കല്‍രാജ് മിശ്ര സ്വീകരിച്ചിരുന്നത്. അശോക് ഗെലോട്ടിന് ഒപ്പമുള്ള എംഎല്‍എമാര്‍ ഗവര്‍ണറുടെ വസതിയില്‍ ഒന്നിച്ചുചെന്നിട്ടും ഈ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞയാഴ്‌ച അദ്ദേഹം തയാറായിരുന്നില്ല. ബിജെപി ഗവര്‍ണറെ മുന്‍നിര്‍ത്തി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഒടുവില്‍ ഇന്ന് ഗവര്‍ണറുടെ മനം മാറി. സര്‍ക്കാര്‍ 21 ദിവസത്തെ നോട്ടീസ് നല്‍കിയാല്‍ മാത്രമേ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാകൂവെന്ന ഉപാധിയോടെയാണ് അനുമതി.
ഇതിനിടെയാണ് സ്‌പീക്കര്‍ സി.പി.ജോഷി വിമത എംഎല്‍എമാര്‍ക്ക് എതിരായ ഹൈക്കോടതി നീക്കത്തിനെതിരെ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന വാശിയോടെ മുന്നോട്ടു നീങ്ങിയ സ്‌പീക്കര്‍ തല്‍ക്കാലം നിയമപരമായ നീക്കങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് കണ്ടത്.
അശോക് ഗെലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ് പ്രഖ്യാപിച്ച കലാപം ആരംഭിച്ച് ആഴ്‌ചകള്‍ പിന്നിട്ടിട്ടും പുതിയ നാടകീയ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നത് തുടരുന്നതല്ലാതെ ഈ നാടകം ഉടന്‍ അവസാനിക്കുന്നതിന്റെ സൂചനയൊന്നും കാണുന്നില്ല. സുപ്രിം കോടതിയിലെ നിയമപരമായ നീക്കം തല്‍ക്കാലം കോണ്‍ഗ്രസ് വേണ്ടെന്നു വെച്ചെങ്കിലും മറ്റൊരു നിയമപോരാട്ടം അവര്‍ നേരിടുന്നുണ്ട്. പത്ത് മാസം മുമ്പ് കോണ്‍ഗ്രസില്‍ ആറ് ബിഎസ്‌പി എംഎല്‍എമാര്‍ ലയിച്ചതിനെതിരെ ബിജെപി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
നിയമസഭാ സമ്മേളനത്തില്‍ അവിശ്വാസ പ്രമേയമുണ്ടായാല്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്‌പി നേതൃത്വം ആറ് എംഎല്‍എമാര്‍ക്ക് വിപ് നല്‍കിയത് രാഷ്‌ട്രീയ നാടകത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. ഇവരെ കൂടി ഉള്‍പ്പെടുത്തിയാണ് 103 എംഎല്‍എമാരുടെ പിന്തുണ ഗലോട്ട് അവകാശപ്പെടുന്നത്. ഇവരുടെ പിന്തുണയില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പ്.
മതിയായ ജനപിന്തുണയോടെ അധികാലത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന് രാജസ്ഥാനില്‍ അധികാരത്തില്‍ തുടരാനാകുമോയെന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഗെലോട്ടിന് അവസരം നല്‍കില്ലെന്ന് കോവിഡിനെ മറയാക്കി വാശി പിടിച്ച ഗവര്‍ണര്‍ ഇപ്പോള്‍ നിലപാട് മാറ്റിയത് അപ്രതീക്ഷിതമായാണ്. നിയമസഭയില്‍ ഗെലോട്ടിന് അനുകൂലമായി വോട്ടിംഗ് ഉറപ്പുവരുത്തണമെങ്കില്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടി വരും.
തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും അധികാരം പിടിച്ചെടുക്കുക എന്നത് ഒരു ശൈലിയാക്കി മാറ്റിയിരിക്കുന്ന ബിജെപിയുടെ തന്ത്രങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് ഏറെ ശ്രമപ്പെടണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള കുതിരകച്ചവടത്തിന് ബിജെപിക്ക് ഏറ്റവും ശക്തിയേകുന്നത് അവരുടെ മണി പവറാണ്. ബിജെപിയുടെ അപാരശേഷിയുള്ള പാര്‍ട്ടി മെഷീനും കൈവശമുള്ള അളവറ്റ `മണി’യും ഉപയോഗിച്ചാണ് അസാധ്യമായ സാഹചര്യങ്ങളില്‍ പോലും ഗോളടിക്കുന്ന ഫുട്‌ബോളറുടെ അത്ഭുതങ്ങള്‍ അമിത് ഷായുടെ നിഴലില്‍ നിന്നുകൊണ്ട് ജെ.പി.നഡ്ഡ സാധ്യമാക്കുന്നത്. രാജസ്ഥാനിലും അത് ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയുക തന്നെ വേണം.