മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ നിന്നുള്ള 45 പേർ മരിച്ചു. മരിച്ചവരിൽ ബസ് ഡ്രൈവർ ഒഴികെ 44 പേരും ഉംറയ്ക്ക് പോയ തീർഥാടകരാണ്.
മൊത്തം 46 പേർ ബസിലുണ്ടായിരുന്നു എന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ വി. സി. സജ്ജനാർ സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആദ്യം 42 മരണമെന്നായിരുന്നു റിപ്പോർട്ട്, എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം മരണസംഖ്യ 45 ആയി ഉയർന്നു.
ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മല്ലേപ്പള്ളി ആസ്ഥാനമായ അൽ മദീന ടൂറ്സ് ആൻഡ് ട്രാവൽസ്, മെഹ്ദിപട്ടണത്തിലെ ഫ്ലൈസോൺ ടൂറ്സ് ആൻഡ് ട്രാവൽസ് എന്നീ രണ്ട് ഏജൻസികളിൽ നിന്നാണ് നവംബർ 9-ന് 53 തീർഥാടകർ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഇവരിൽ 45 പേരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.
മറ്റുള്ളവരിൽ നാല് പേർ കാറിൽ മദീനയിലേക്ക് യാത്ര തിരിച്ചിരുന്നു. ശേഷിച്ച നാല് പേർ മക്കയിൽ തന്നെ തുടരുകയായിരുന്നു. നവംബർ 23-ന് സംഘം ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെ ഈ ദാരുണ ദുരന്തമാണ് സംഭവിച്ചത്.
മൃതശരീരങ്ങൾ മദീനയിലെ കിംഗ് ഫഹദ്, മീഖാത്ത്, കിംഗ് സൽമാൻ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്.
ശരീരാവശിഷ്ടങ്ങളുടെ അവസ്ഥ ഗുരുതരമായതിനാൽ തിരിച്ചറിയൽ നടപടികൾക്ക് അധികസമയമെടുക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. തെറ്റുകൾ ഒഴിവാക്കുന്നതിനായി അതീവ ജാഗ്രതയോടെ നടപടികൾ പുരോഗമിക്കുകയാണെന്നും അവർ സ്ഥിരീകരിച്ചു.










