കൊച്ചി : പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ഇഷ്ടകേന്ദ്രമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം തുറന്നു. രണ്ടു പ്രളയവും കോവിഡ് പ്രതിസന്ധിയും മറികടന്നാണ് കേന്ദ്രം തുറന്നത്. ഒക്ടോബർ 17 ന് തുറന്നെങ്കിലും അടുത്ത ദിവസങ്ങളിൽ സഞ്ചാരികൾ വന്നുതുടങ്ങുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.
തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം. പരന്നൊഴുകുന്ന പെരിയാറിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി ഇറങ്ങാനും കുളിക്കാനും കഴിയുമെന്നതാണ് ആകർഷണം. അപകടകരല്ലാത്ത പ്രദേശമായതിനാൽ കുടുംബസമേതം നൂറുകണക്കിന് പേരാണ് ദിവസവും എത്തിയിരുന്നത്.
2018 ലെ പ്രളയത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ച പ്രകൃതി ഗ്രാമത്തെ സിൽവർ സ്റ്റോം അമ്യൂസ്മെന്റ് പാർക്കിന്റെ സഹകരണത്തോടെയാണ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുനരുദ്ധരിച്ചത്. മാർച്ചിൽ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായെങ്കിലും കോവിഡ് 19 ലോക് ഡൗൺ വില്ലനായതോടെ പ്രവേശനം അനുവദിച്ചിരുന്നില്ല.
കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രകൃതി ഗ്രാമം സന്ദർശകർക്കായി തുറന്നു കൊടുത്തതെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി എസ.് വിജയകുമാർ പറഞ്ഞു. സിൽവർ സ്റ്റോം റിസോർട്ടും റെസ്റ്റോറന്റും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനം തുടങ്ങുമെന്ന് എം.ഡി. എ.ഐ. ഷാലിമാർ അറിയിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശന സമയം.
www.dtpcezhattumugham.com എന്ന വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് : 944 600 5429