ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.
തിരുവനന്തപുരം: ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ഫണ്ട് സ്വകാര്യ ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കിറ്റക്സ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡ് നിര്‍മിച്ചു. കിറ്റക്സ് എംഡിയുടെ ഉടമസ്ഥതതയിലുള്ള ഭൂമിയോട് ചേര്‍ന്ന തോടുകളുടെ അരിക് കെട്ടാനും പൊതുഫണ്ട് ദുരുപയോഗിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. ഫണ്ട് വിനിയോഗം വിജിലന്‍സ് അന്വേഷിക്കണമെന്നും ഇന്റലിജന്‍സ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്തു.
കിറ്റക്സിനോട് ചേര്‍ന്ന സ്ഥലത്ത് നെല്‍വയല്‍ -തണ്ണീര്‍ത്തടം നിയമം ലംഘിച്ചെന്ന ഗുരുതര കണ്ടെത്തലുമുണ്ട്. ഇവ പ്രാഥമിക പരിശോധനയ്ക്കായി തദ്ദേശഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. കിഴക്കമ്പലം പഞ്ചായത്തിലെ വികസന ഫണ്ടിന്റെ ഉപയോഗം നിരീക്ഷിക്ക ണമെന്നും ഇന്റലിജന്‍സ് ശുപാര്‍ശ ചെയ്തു. പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തെക്കൊണ്ട് ഫണ്ട് വിനിയോഗം വിശദമായി പരിശോധിപ്പി ക്കാനാണ് തദേശഭണവകുപ്പ് തീരുമാനം.
2015-19ല്‍ കിറ്റക്സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളുടെ പേരില്‍ എംഡി സാബു എം ജേക്കബ് പുത്തന്‍കുരിശ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 44 ആധാരം രജിസ്റ്റര്‍ ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സ്ഥലങ്ങളുമായി ബന്ധപ്പട്ട് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ആറ് റോഡ് നിര്‍മിച്ചു. ഇവയുടെ വിശദമായ പട്ടികയും ഇന്റലിജന്‍സ് കൈമാറി.
കിഴക്കമ്പലം പൂക്കാട്ടുപടി പിഡബ്ല്യുഡി റോഡിന് സ്ഥലം ഏറ്റെടുത്തതിന് ഭൂ ഉടമകള്‍ക്ക് പ്രതിഫലം നല്‍കിയിട്ടില്ലെന്ന് ആരോപണമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.