ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സംബന്ധിച്ച് ഖത്തർ ഭരണകൂടവുമായി നടത്തിയ സംവാദങ്ങൾ ഫലപ്രദമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടതെന്നും, ഈ നിലപാടിൽ ഇന്ത്യയും ഖത്തറും ഏകാഭിപ്രായത്തിൽ എത്തിനിൽക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രിയ സുലേയുടെ നേതൃത്വത്തിൽ വിഎം മുരളീധരനെ ഉൾപ്പെടെ ഒൻപതംഗ സർവകക്ഷി സംഘം ഖത്തറിലെത്തിയിരുന്നു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തെ തുടർന്ന് സംഘം ദക്ഷിണാഫ്രിക്കയിലേയ്ക്ക് യാത്രതിരിച്ചു.
ഖത്തർ ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ
സൗഹൃദപരമായ ഈ സന്ദർശനത്തിൽ ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുല്ലസീസ് അൽ ഖുലൈഫി, ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുല്ലസീസ് ബിൻ ഫൈസൽ അൽതാനി, ശൂറാ കൗൺസിലിന്റെ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
വിശകലനങ്ങളുമായി അന്താരാഷ്ട്ര വേദികൾ
മിഡിൽ ഈസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്സിലെ അക്കാദമിക് വിഭാഗം, പ്രശസ്ത തിങ്ക് ടാങ്ക് കമ്യൂണിറ്റി അംഗങ്ങൾ, പ്രാദേശിക പത്രമായ അൽ ഷർഖ് പത്രത്തിന്റെ എഡിറ്റോറിയൽ പ്രതിനിധികൾ എന്നിവരുമായും സംഘം ആശയവിനിമയം നടത്തി.
പ്രവാസി സമൂഹത്തോടും ഇടപെടൽ
ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനായി സംഘാംഗങ്ങൾ ദോഹയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പ്രത്യേക വിരുന്നിലും പങ്കെടുത്തു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഭീകരത വിരുദ്ധ നിലപാട് വിശദീകരിക്കുകയും, അതിനുള്ള പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്ന സന്ദർശനമായിരുന്നുവെന്ന് സംഘാംഗങ്ങൾ പറഞ്ഞു.