കെ.അരവിന്ദ്
ബിറ്റ്കോയിനില്‍ അസാധാരണമായ മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ച കണ്ടത്. ബിറ്റ്കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന വിലക്ക് അടുത്തെത്തിയപ്പോള്‍ അതിന്റെ കാരണം വിശദീകരിക്കാന്‍ വിപണി വിദഗ്ധര്‍ വിഷമിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു വര്‍ഷം കൊണ്ട് ബിറ്റ്കോയിന്‍ വില ഇരട്ടിയായി. 2017 ഡിസംബറിലാണ് ബിറ്റ്കോയിന്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയത്. അതിനു ശേഷം ഒരു വര്‍ഷത്തിനകം 3,136 ഡോളറിലേക്ക് വില ഇടിഞ്ഞു. ബിറ്റ്കോയിന്‍ വില വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.
അതേ സമയം ബിറ്റ്കോയിനില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യയിലെ നിക്ഷേപകര്‍ ഏറെ കരുതല്‍ പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്ത സുപ്രിം കോടതി വിധിയെ മറികടക്കാന്‍ നിയമം കൊണ്ടുവരാനാണ് നീക്കം. കള്ളപ്പണത്തിന്റെ വ്യാപനത്തിനും കുറ്റകൃത്യങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ആശങ്കയാണ് നിയമം കൊണ്ടു വരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
രാജ്യത്ത് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളുടെ വ്യാപാരം റിസര്‍വ് ബാങ്കിന്റെ വിലക്കിന് ശേഷവും തുടര്‍ന്നിരുന്നു. ബാങ്കിംഗ് ചാനലുകള്‍ ഉപയോഗിച്ചുള്ള ക്രിപ്റ്റോ കറന്‍സികളുടെ ഇടപാടുകളാണ് റിസര്‍വ് ബാങ്ക് നിരോധിച്ചിരുന്നത്. ക്രിപ്റ്റോ കറന്‍സികള്‍ തമ്മിലുള്ള ഇടപാടുകളും തുടര്‍ന്നിരുന്നു. അതേസമയം സുപ്രിം കോടതി വിധി ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് ആസ്തി മേഖല എന്ന നിലയിലുള്ള പരിഗണന വീണ്ടും കിട്ടുന്നതിന് വഴിവെച്ചു.
2018ല്‍ റിസര്‍വ് ബാങ്കിന്റെ വിലക്ക് വരുതിന് മുമ്പ് ഗണ്യമായ തോതിലുള്ള നിക്ഷേപമാണ് ക്രിപ്റ്റോ കറന്‍സികളില്‍ നടന്നിരുന്നത്. 2018 ആദ്യം ഇന്ത്യയിലെ പത്ത് വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളുടെ വരുമാനം 40,000 കോടി രൂപയായിരുന്നു. ബിറ്റ്കോയിനുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈടാക്കുന്ന പ്രീമിയത്തിലൂടെയാണ് എക്സ്ചേഞ്ചുകള്‍ വരുമാനമുണ്ടാക്കിയിരുന്നത്.
ഇന്ത്യയില്‍ നോട്ട് നിരോധനത്തിനു ശേഷം ബിറ്റ്കോയിന്‍ ഇടപാടുകളില്‍ വലിയ വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ പിന്നീട് വ്യാപാര വ്യാപ്തം ഗണ്യമായി കുറഞ്ഞു. ഓഹരി വിപണിയെയും മ്യൂച്വല്‍ ഫണ്ടുകളെയും സെബിയും ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളെ ഐആര്‍ഡിഎയും ബാങ്കുകളെ റിസര്‍വ് ബാങ്കും നിയന്ത്രിക്കുന്നതു പോലെ ക്രിപ്റ്റോ കറന്‍സികളില്‍ ഒരു ഏജന്‍സിക്കും നിയന്ത്രണമില്ല. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ബിറ്റ്കോയിന്‍ നിക്ഷേപകര്‍ ഇരയായാല്‍ പരാതിപ്പെടാന്‍ ഇടമില്ല.
ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ സുരക്ഷിതമല്ലാത്ത നിക്ഷേപ മാര്‍ഗമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് ആസ്തിയുടെ പിന്‍ബലമില്ല. ഊഹകച്ചവടം മാത്രമാണ് ഇവയില്‍ നടക്കുന്നത്. ലോകത്തെ ഒരു സെന്‍ട്രല്‍ ബാങ്കും അംഗീകരിച്ചിട്ടില്ലാത്ത സാങ്കല്‍പ്പിക കറന്‍സികളാണ് ഇവ. ഇത് നിയമപരമായ നിക്ഷേപ മാര്‍ഗമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ റിസര്‍വ് ബാങ്കിന് പുറമെ മറ്റ് സെന്‍ട്രല്‍ ബാങ്കുകളും ക്രിപ്റ്റോ കറന്‍സികളിലെ ഊഹക്കച്ചവടത്തിലെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിപ്റ്റോ കറന്‍സികളുടെ വിലയിലെ ചാഞ്ചാട്ടത്തിനും കുതിപ്പിനും സാമ്പത്തികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനമില്ല.
ഇപ്പോഴത്തെ കുതിപ്പ് കണ്ട് ബിറ്റ്കോയിനില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഈ ഘടകങ്ങളെല്ലാം മുന്നില്‍ കാണണം. കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവന്നാല്‍ ബിറ്റ്കോയിന്‍ നിക്ഷേപകര്‍ക്ക് അത് കനത്ത തിരിച്ചടിയാകും.