Web Desk
ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യാൻ ആഭ്യന്തര നിർമാതാക്കൾക്ക് രാജ്യരക്ഷാ മന്ത്രാലയം നാല് മാസം സമയം നീട്ടി നൽകി.ഉപകരണങ്ങൾ / സേവനങ്ങൾ സപ്ലൈ ചെയ്യുന്നതിന് നിലവിലെ എല്ലാ ഇന്ത്യന്‍ ഉല്‍പ്പാദകരുടേയും കരാർ കാലാവധി രാജ്യരക്ഷാ മന്ത്രാലയം നാലു മാസത്തേക്ക് നീട്ടി. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങള്‍ കണക്കിലെടുത്താണു നടപടി.
മന്ത്രാലയത്തിനു കീഴിലുള്ള ഏറ്റെടുക്കല്‍ വിഭാഗം ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ രാജ്യരക്ഷാമന്ത്രി ശ്രീ. രാജ്‌നാഥ് സിങ് ഒപ്പുവച്ചു. മാര്‍ച്ച് 25 മുതല്‍ ജൂലൈ 24 വരെയാണ് ഉത്തരവിന്‍റെ കാലാവധി. നിയമപരമായി കരാർ ചെയ്യപ്പെട്ട ഒരു കാര്യം ചെയ്‌യുന്നതിൽ നിന്നും ഒരാളെ തടയുന്ന മുന്‍കൂട്ടിക്കാണാത്ത സാഹചര്യങ്ങൾ അഥവാ ഫോഴ്സ് മജുരേ എന്ന കരാർ വ്യവസ്ഥ പ്രകാരമാണ് കാലാവധി നീട്ടിക്കൊടുത്തിട്ടുള്ളത് .
ഉപകരണ- സേവന വിതരണത്തിലെ കാലതാമസത്തിനുള്ള നഷ്‌ടപരിഹാരം കണക്കാക്കുന്നതിൽ ഈ കാലാവധി ഒഴിവാക്കപ്പെടും. കോവിഡ് കാലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിട്ട ആഭ്യന്തര പ്രതിരോധ വ്യവസായങ്ങള്‍ക്ക് ഈ ഉത്തരവ് ആശ്വാസം പകരും.
കരാര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘിപ്പിച്ച വിതരണകാലയളവിനുള്ളില്‍ എത്തിക്കുന്നതിന് രാജ്യത്തെ വിതരണക്കാര്‍ക്ക് അനുമതിയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് കരാറില്‍ പ്രത്യേക ഭേദഗതിയുടെ ആവശ്യമില്ല.വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട്, അതതു രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യരക്ഷാ മന്ത്രാലയത്തെ സമീപിക്കാം.