ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും, ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന, ഡിജിറ്റല്‍ സംവിധാനങ്ങളുടെ ലഭ്യതക്കുറവിലെ അന്തരം പരിഹരിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
‘വിദ്യാഭ്യാസത്തിന്റെ ഭാവി – ഒന്‍പതു വലിയ പ്രവണതകള്‍’ എന്ന ഗ്രന്ഥം വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യ നമുക്ക് പുതിയ സാദ്ധ്യതകള്‍ തുറന്നു നല്‍കുന്നതിനൊപ്പം തന്നെ, നമുക്കിടയിലെ ‘ഡിജിറ്റല്‍ അന്തരം’ എത്ര വലുതെന്നും നമ്മെ ബോധവാന്മാരാക്കുന്നതായും നായിഡു നിരീക്ഷിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ICT അക്കാദമിയുടെ നേതൃത്വത്തിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. ചിലവുകുറഞ്ഞ സാങ്കേതികവിദ്യ ഏവര്‍ക്കും ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി സംസാരിക്കവെ, ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈവശമില്ലാത്ത നിരവധി കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് നായിഡു ചൂണ്ടിക്കാട്ടി. ‘ഈ വലിയ അന്തരം പരിഹരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്’ ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ലോക്ഡൗണ്‍ നടപടികള്‍ മൂലം പഠനം ഓണ്‍ലൈന്‍ ആയി മാറിയപ്പോള്‍, ബുദ്ധിമുട്ടുകള്‍ നേരിടുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ നമ്മുടെ രാജ്യത്തുണ്ടെന്ന് പറഞ്ഞ നായിഡു, ഓണ്‍ലൈന്‍ രീതികളിലേക്ക് മാറാന്‍ ഇവര്‍ക്ക് വിദഗ്ധ സഹായം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ വലിയൊരു വിഭാഗം മാതാപിതാക്കള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങളുടെ ചിലവ് താങ്ങാനാവുന്നതല്ല. എന്നാല്‍ കുട്ടികള്‍ക്കിടയില്‍ ഇവയുടെ ലഭ്യതയിലുള്ള ഈ അന്തരം ഭരണകൂടത്തിന് മാത്രമായി പരിഹരിക്കാനാവുന്നതല്ല. സങ്കീര്‍ണവും വലുതുമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ രാജ്യത്തെ സ്വകാര്യമേഖല, പ്രത്യേകിച്ചും വിദ്യാഭ്യാസ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ മുന്നോട്ട് വരണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ആവശ്യാനുസരണം വേണ്ട പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുറഞ്ഞ ചിലവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ ശ്രമിക്കണം.മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കവെ, ഭാരതീയ സംസ്‌കാരവും ആദര്‍ശങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസരീതി വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും ഉപരാഷ്ട്രപതി പറഞ്ഞു.