Web Desk
വന്ദേഭാരത് മിഷനിലൂടെ ജൂലൈ 1 മുതൽ 14 വരെ കേരളത്തിലെത്തുന്നത് 94 വിമാനങ്ങൾ. എല്ലാ വിമാനത്തിലും 177 യാത്രക്കാർ വീതം 16,638 പ്രവാസികൾക്ക് നാട്ടിലെത്താം. സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലേക്കുമുള്ള എയർ ഇന്ത്യ സർവീസുകളുടെ ഷെഡ്യൂൾ തയാറായി. ക്വാലലംപുരിൽ നിന്നു രണ്ടും സിംഗപ്പൂരിൽ നിന്ന് ഒന്നും ഒഴികെ ബാക്കി സർവീസുകളെല്ലാം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ബഹ്റൈൻ –39 , ദുബായ് -27, മസ്കത്ത് -13, അബുദാബി -12 എന്നിങ്ങനെയാണ് സർവീസുകൾ.
കൊച്ചിയിലേക്കാണ് ഏറ്റവും അധികം സർവീസുകളുളളത്-35 സര്‍വ്വീസുകള്‍. തിരുവനന്തപുരത്തേക്ക് 22 സര്‍വ്വീസുകള്‍, കണ്ണൂർ-20 സര്‍വ്വീസുകള്‍, കോഴിക്കോട്-17 സര്‍വ്വീസുകള്‍. ക്വാലലംപുർ, സിംഗപ്പൂർ സർവീസുകളും കൊച്ചിയിലേക്കാണ്. ഇവയ്ക്കു പുറമേ ചാർട്ടേഡ് വിമാനങ്ങളിലും യാത്രക്കാർ എത്തും. എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്കുള്ള അനുമതി വൈകുമെന്നതിനാൽ ഷെഡ്യൂൾ ഇപ്പോൾ ലഭ്യമല്ലെന്നു നോർക്ക വ്യക്തമാക്കി.
ചാർട്ടേഡ് വിമാനങ്ങൾ നാലു തരത്തിലാണ്; തൊഴിലുടമ തൊഴിലാളികൾക്കു വേണ്ടി ചാർട്ടർ ചെയ്യുന്നത്, സംഘടനകൾ സ്പോൺസർ ചെയ്യുന്നത്, സംഘടനകൾ ടിക്കറ്റ് ചാർജ് ഈടാക്കി നടത്തുന്നത്, നിശ്ചിത ടിക്കറ്റ് സ്പോൺസർഷിപ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിമാന കമ്പനികൾ തന്നെ ചാർട്ട് ചെയ്യുന്നത്. ഇവയ്ക്ക് പലപ്പോഴും ദിവസങ്ങൾക്കു മുൻപാണ് അനുമതി ലഭിക്കുക. ലോക്ഡൗണിൽ ഇളവു വരുത്തിയ ശേഷം 26 വരെ 648 വിമാന സർവീസുകളിലായി 1,09,730 പ്രവാസികളാണു കേരളത്തിലെത്തിയത്. കൂടുതൽ ദുബായിൽ നിന്നാണ്; 122 വിമാനങ്ങളിലായി 20,215 പേർ. ഇന്ന് 16 വിമാനങ്ങളിലായി രണ്ടായിരത്തി എണ്ണൂറോളം പ്രവാസികൾ കൊച്ചിയിലെത്തും.
മറ്റു വിമാനങ്ങളും കൊച്ചിയിലെത്തുന്ന സമയവും: ശ്രീലങ്കൻ കൊളംബോ: ഉച്ചയ്ക്ക് 2.30, ഇൻഡിഗോ മസ്കത്ത്: 3.30, ദുബായ് 4.30, 5.25, എത്തിഹാദ് അബുദാബി: 6.15, ഗോ എയർ ദോഹ7.00, ഇൻഡിഗോ മസ്കത്ത് രാത്രി 8.00, എയർഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ: 9.00, ഇൻഡിഗോ ദമാം: 10.05, എയർഇന്ത്യ എക്സ‌്പ്രസ് അബുദാബി 10.55. പാരീസിൽ നിന്നും യുക്രെയ്നിലെ കീവിൽ നിന്നും ഉൾപ്പെടെ 17 വിമാനങ്ങളിലായി 3450 യാത്രക്കാർ ഇന്നലെ വിദേശത്തു നിന്നു കൊച്ചിയിലെത്തി. ആഭ്യന്തര സെക്ടറിൽ 24 വിമാനങ്ങൾ സർവീസ് നടത്തി. നാട്ടിലേക്കു മടങ്ങാൻ കഴിയാതെ മാസങ്ങളായി യുക്രെയ്നിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർഥികളിൽ രണ്ടാമത്തെ സംഘം ഇന്നലെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തി. 19ന് എയർ ഇന്ത്യ വിമാനത്തിലും വിദ്യാർഥികളെത്തിയിരുന്നു.
റഷ്യൻ വിമാനകമ്പനിയായ അസുർ എയർ വിമാനത്തിൽ 330 വിദ്യാർഥികളാണ് കൊച്ചിയിലെത്തിയത്. പ്രവാസികളുടെ കോവിഡ് പരിശോധന കൂടുതൽ വേഗത്തിലാക്കാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 16 പരിശോധനാ കൗണ്ടറുകൾ ഏർപ്പെടുത്തും. കലക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വിദേശത്തു നിന്ന് പരിശോധന നടത്താതെയെത്തുന്ന എല്ലാ പ്രവാസികളെയും ആന്‍റിബോഡി പരിശോധനയ്ക്കു വിധേയമാക്കും.