Web Desk
വാഷിങ്ടണ്‍ ഡിസി: ചൈനീസ് കമ്പനികളായ ഹുവായി, ZTE എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിന് കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. യുഎസ് നെറ്റുവര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഇനിമുതല്‍ ഈ വിതരണക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ എഫ്.സി.സിയുടെ ഫണ്ട് ഉപയോഗിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.