ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ജേതാക്കളായി. ഹംഗറി തലസ്‌ഥാനമായ ബുഡാപെസ്‌റ്റിലെ ഫെറങ്ക് പുഷ് കാസ് അരീനയില്‍ കഷ്‌ടിച്ച് 10000 വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാണു ബയേണ്‍ മ്യൂണിക്ക് യുവേഫ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയത്. യൂറോപ ലീഗ് ചാമ്പ്യന്‍മാരായ സ്‌പാനിഷ്‌ക്ല ബ്ബ് സെവിയ ഉയര്‍ത്തിയ വെല്ലുവിളി അധിക സമയത്താണു ബയേണ്‍ മറികടന്നത്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണിന്റെ സീസണിലെ മൂന്നാം കിരീടമാണിത്.
മുഴുവന്‍ സമയത്ത് സ്‌കോര്‍ 1-1 ന് തുല്യമായതോടെ, അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ മാര്‍ട്ടിനെസിന്റെ ഹെഡറില്‍ ബയേണ്‍ കിരീടം ഉറപ്പിച്ചു. പതിമൂന്നാം മിനിറ്റില്‍ ലുകാസ് ഒകാംപോസിന്റെ ഗോളില്‍ സെവിയയാണ് ലീഡെടുത്തത്. മുപ്പത്തിനാലാം മിനുട്ടില്‍ ലിയോന്‍ ഗോറെസ്‌കയിലൂടെ ബയേണ്‍ സമനില നേടി. റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. നൂറ്റിനാലാം മിനുട്ടില്‍ പകരക്കാരന്‍ ജാവി മാര്‍ട്ടിനെസിന്റെ ഹെഡര്‍ ഗോള്‍ സെവിയ്യ ഗോളി യാസീന്‍ ബൗനോയെ കീഴടക്കി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പി എസ് ജിക്കെതിരെ പുറത്തെടുത്ത മികവ് ബയേണ്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ വീണ്ടും പുറത്തെടുത്തു.
സെവിയയുടെ പകരക്കാരന്‍ യൂസഫ് എന്‍ നെസിരി രണ്ടാം പകുതിയുടെ അന്തിമഘട്ടത്തില്‍ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ന്യൂയര്‍ തടുത്തു. ബയേണ്‍ മ്യൂണിക് മുന്നേറ്റ താരം തോമസ് മുള്ളര്‍ ക്ലബ് കരിയറില്‍ നേടുന്ന ഇരുപത്താറാം കിരീടമാണിത്. മുന്‍ ബയേണ്‍ താരം ബാസ്‌റ്റ്യന്‍ ഷൈ്വന്‍സ്‌റ്റിഗര്‍ക്കൊപ്പം ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് മുള്ളര്‍. ചാമ്പ്യന്‍സ് ലീഗിലെ മികവ് മുള്ളര്‍ സൂപ്പര്‍ കപ്പ് ഫൈനലിലും പുറത്തെടുത്തു. യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ജര്‍മന്‍ കോച്ചാണ് ബയേണിന്റെ ഹാന്‍സി ഫ്‌ളിക്.
ലിവര്‍പൂളിന് 2019 ല്‍ സൂപ്പര്‍ കപ്പ് നേടിക്കൊടുത്ത യുര്‍ഗന്‍ ക്ലോപ്പാണ് ആദ്യ ജര്‍മന്‍. ഫ്‌ളിക്കിനു കീഴില്‍ ആദ്യ സീസണില്‍ തന്നെ ബയേണ്‍ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്. ബുണ്ടസ് ലിഗ, ജര്‍മന്‍ കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്.



















