ഇരു രാജ്യങ്ങളുടേയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തിലാണ് പുതിയ സമിതിക്ക് തുടക്കമായത്.
അബുദാബി : ഇന്ത്യയുടേയും യുഎഇയുടെയും പാര്‍ലമെന്റ് സ്പീക്കര്‍മാരുടെ നേതൃത്വത്തില്‍ പുതിയ സമിതി രൂപികരിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് സമിതി പ്രവര്‍ത്തിക്കുക.
ഇന്ത്യയുടെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റംഗങ്ങള്‍ പങ്കെടുത്ത ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് പുതിയ സമതിയുടെ രൂപികരണത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.
യുഎഇയുടെ ജനപ്രതിനിധി സഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനെ ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള അഭിസംബോധന ചെയ്തു.
ഫെഡറല്‍ കൗണ്‍സില്‍ സ്പീക്കര്‍ സഖര്‍ അല്‍ ഖൊബാഷ് ഇന്ത്യന്‍ പാര്‍ലമെന്റംഗങ്ങളെ സ്വാഗതം ചെയ്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും പാര്‍ലമെന്ററി സഹകരണം ഊഷ്മളമാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
എമിറാറ്റി ഇന്ത്യന്‍ പാര്‍ലമെന്ററി സൗഹൃദ കമ്മറ്റിയാണ് ഇതിനായി രൂപികരിച്ചത്.
Invited Parliamentarians & Legislators of UAE to avail the orientation & training programs run by @LokSabha_PRIDE. Also highlighted our development agenda and appealed the investors to look for India as an investment destination. pic.twitter.com/9SWDUwahza
— Om Birla (@ombirlakota) February 22, 2022
ഇന്ത്യയും യുഎഇയും തമ്മില്‍ അടുത്തിടെ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഇരു രാജ്യങ്ങളുടേയും സൗഹൃദ ബന്ധത്തിന് പുതിയ മാനം നല്‍കിയിരിക്കുകയാണെന്ന് ഓംബിര്‍ള അഭിപ്രായപ്പെട്ടു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം അമ്പത് ആണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കും സുപ്രധാന വര്‍ഷമാണ്. സൗഹൃദവും സഹകരണവും കൂടുതല്‍ ഊഷ്മളമാക്കാനും ശക്തിപ്പെടുത്താനുമുള്ള അവസരവുമാണ്. ഇതിന്റെ ഗുണഫലങ്ങള്‍ ഇരുരാജ്യത്തേയും ജനങ്ങള്‍ക്ക് ലഭിക്കുകയും വേണം -ഓംബിര്‍ള പറഞ്ഞു.
ലോകം ഒരു കുടുംബം എന്ന തത്വത്തില്‍ അധിഷ്ഠിതമായാണ് ഇന്ത്യന്‍ പാര്‍ലമെന്റും പ്രവര്‍ത്തിക്കുന്നതെന്നും എല്ലാവരുടേയും വിശ്വാസവും എല്ലാവരുടേയും ശ്രമവും എല്ലാവരുടേയും വികസനവും എന്നതാണ് സര്‍ക്കാരിന്റെ വീക്ഷണമെന്നും ഓംബിര്‍ള പറഞ്ഞു.