കൊച്ചി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയില്‍ കൊണ്ടു വരുന്നതിനോട് എതിര്‍പ്പില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് വ്യക്താക്കി. ഈ വിഷയം കേന്ദ്ര ധനമന്ത്രി ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിര്‍പ്പില്ല. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
‘കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി കൂട്ടിയത്. ഇന്ധന വില വര്‍ധനവിനെതിരെ എല്‍ ഡി എഫ് ശക്തമായി സമരം ചെയ്യും. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് ഒരുകാരണവശാലും കഴിയില്ല. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ല’-മന്ത്രി പറഞ്ഞു.
കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ജി എസ് ടി ബാധകമാക്കുന്നത് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും ജി. എസ്. ടി കൗണ്‍സിലും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.ഇന്ധനവില നിര്‍ണയം ഒരു ‘മഹാഭയങ്കര ധര്‍മ്മസങ്കട ‘ മാണ്. ഇന്ധനവില കുറയ്ക്കാതെ ആരെയും തൃപ്തിപ്പെടുത്താനാവില്ല. ജി. എസ്. ടി ബാധകമാക്കിയാല്‍ രാജ്യത്താകെ ഒറ്റ വിലയാകും. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിടുന്ന ഒറ്റ നികുതിയാകും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ഗൗരവമായ ചര്‍ച്ചകളിലൂടെയേ ഇതു സാദ്ധ്യമാകൂ. ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരവും വേണം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.