ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കോടതി വിധിക്കെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്നും അവിടെ ഒരു പളളിതന്നെ ഉണ്ടായിരുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്ററില്‍ കുറിച്ചു.
There was no mosque there. Justice in new India! https://t.co/JdqfgWqzLm
— Prashant Bhushan (@pbhushan1) September 30, 2020
28 വര്‍ഷം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതികളായ 32 പേരെയും വെറുതെ വിടുന്നുവെന്നും പള്ളി തകര്‍ത്തത് ആസൂത്രിതമല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് വിധിയില്‍ പറയുന്നു.
പ്രോസിക്യൂഷന്‍ തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളുകയായിരുന്നു. ഫോട്ടോയും വീഡിയോയും കൃതൃമം ആണെന്ന് കോടതി അറിയിച്ചു. പള്ളി പൊളിച്ചത് പെട്ടെന്നുണ്ടായ വികാരത്തില്‍ ചെയ്തതാണെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും 2000 പേജുള്ള വിധിയില്‍ പറയുന്നു.
അതേസമയം പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലായിരുന്നു.