ന്യൂഡൽഹി: ബുദ്ധിസ്റ്റ് ടൂർ ഓപ്പറേറ്റർമാരുടെ സംഘടന “ക്രോസ് ബോർഡർ ടൂറിസം” എന്ന വിഷയത്തിൽ ജൂലൈ 15 നു സംഘടിപ്പിച്ച വെബിനാറിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക സഹ മന്ത്രി ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ മുഖ്യാതിഥിയായി. ബുദ്ധന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രധാന പ്രദേശങ്ങളെ കുറിച്ച് വെബിനാർ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പരാമർശിച്ചു.
ബുദ്ധമതത്തിന് ലോകമെമ്പാടും വലിയ അനുയായികളുണ്ട്; ഇന്ത്യ ‘ബുദ്ധന്‍റെ നാട്’ ആണ്. എങ്കിലും സമ്പന്നമായ ബുദ്ധമത പാരമ്പര്യമുള്ള ബുദ്ധമത കേന്ദ്രങ്ങൾ തീർഥാടകരുടെ വളരെ ചെറിയ ശതമാനത്തെ മാത്രമേ ആകർഷിക്കുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ബുദ്ധമത വിശ്വാസികളിൽ ഒരു ഭാഗം മാത്രം ഇന്ത്യയെ ടൂറിസ്റ്റ് , തീർത്ഥാടന കേന്ദ്രമായി സ്വീകരിക്കുന്നതിന്‍റെ കാരണങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ച് തിരുത്തൽ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ശ്രീ പട്ടേൽ ഊന്നിപ്പറഞ്ഞു.
രാജ്യത്തെ പ്രധാനപ്പെട്ട ബുദ്ധമത കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ഭാഷകളിൽ ചൂണ്ടുപലകകൾ സജ്ജീകരിക്കാനുള്ള ശ്രമമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഉത്തർപ്രദേശിലെ 5 ബുദ്ധമത കേന്ദ്രങ്ങളിൽ ഇത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ, സാഞ്ചിയിലേക്ക് ശ്രീലങ്കയിൽ നിന്ന് ധാരാളം സഞ്ചാരികളെ ലഭിക്കുന്നതിനാൽ, സിംഹള ഭാഷയിൽ ചൂണ്ടുപലകകൾ സ്ഥാപിച്ചിട്ടുമുണ്ട്.