ന്യൂഡൽഹി∙ സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക് കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാൻ. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.
ലൊക്കേഷനിൽ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടം വേണം. പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ് ഏർപ്പെടുത്തണം. മേയ്ക്കപ്പ് ആർട്ടിസ്റ്റുകൾ, ഹെയർ സ്റ്റൈലിസ്റ്റുകൾ എന്നിവർക്ക് പിപിഇ കിറ്റുകൾ നിർബന്ധം. സെറ്റുകൾ, മേയ്ക്കപ്പ് റൂം, വാഷ്റൂം, വാനിറ്റി വാനുകൾ തുടങ്ങിയവ ഇടയ്ക്കിടെ അണുമുക്തമാക്കണം. വസ്ത്രങ്ങൾ, മേയ്ക്കപ്പ്, വിഗ് തുടങ്ങിയവ പങ്കിടുന്നത് പരമാവധി ഒഴിവാക്കണം.
ലേപ്പൽ മൈക്കുകൾ ഉപയോഗിക്കുന്നതോ പങ്കിടുന്നതോ ഒഴിവാക്കണം. ഷൂട്ടിങ്ങിന് ആവശ്യമായ അണിയറ പ്രവർത്തകരും അഭിനേതാക്കളും മാത്രമേ സെറ്റിൽ പാടുള്ളൂ. സന്ദർശകരോ പ്രേക്ഷകരോ പാടില്ല. സാമൂഹിക അകലം ഉറപ്പാക്കാൻ സെറ്റുകളിൽ വിശ്രമ മുറികൾ വേണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ.