കെ.അരവിന്ദ്
ഇന്ത്യയിലെ സ്വകാര്യ മേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും വലിയ കമ്പനിയാണ് ഐസിഐസിഐ ലംബാര്‍ഡ്. പൊതുമേഖലാ കമ്പനികള്‍ക്ക് മേധാവിത്തമുള്ള ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഐസിഐസിഐ ലംബാര്‍ഡ് കൈവരിച്ചിട്ടുള്ളത്.
നിലവില്‍ രാജ്യത്ത് 57 ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്. ഇതില്‍ 24 കമ്പനികള്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലും 33 കമ്പനികള്‍ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. 2019-20ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി 42 കോടി ആളുകള്‍ക്കാണ് പരിരക്ഷയുണ്ടായിരുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 30 ശതമാനമേ വരൂ. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമായ ആളുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2014-15ല്‍ ഇത് 28.80 കോടിയായിരുന്നു. നിലവില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ സമാഹരിക്കുന്ന വാര്‍ഷിക പ്രീമിയം 1.25 ലക്ഷം കോടി രൂപയാണ്.
ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയുടെ ബിസിനസ് ഭാവി ശോഭനമാണ്. റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലുകള്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിന് സഹായമായ കൂടുതല്‍ മാറ്റങ്ങള്‍ ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് വിപണി പത്ത് വര്‍ഷത്തിനകം നാലിരട്ടി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ലാഭക്ഷമത കൈവരിക്കുന്നതാണ് ഈയിടെ കണ്ടുവരുന്നത്. സാങ്കേതികവിദ്യയിലെ മാറ്റവും തട്ടിപ്പുകള്‍ തടയാനുള്ള കാര്യക്ഷമമായ സംവിധാനവും ഇതിന് സഹായകമായിട്ടുണ്ട്.
നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനത്തില്‍ ശക്തമായ വളര്‍ച്ചയാണ് ഐസിഐസിഐ ലംബാര്‍ഡ് കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ ഉപഭോക്താക്കളെ കൊണ്ടുവരാനുള്ള സാധ്യത കമ്പനിയുടെ ബിസിനസിലെ ഭാവിവളര്‍ച്ചക്ക് വഴിയൊരുക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് ഐസിഐസിഐ ലംബാര്‍ഡ് പുറത്തുവിട്ടത്. 314 കോടി രൂപയുടെ അറ്റാദായമാണ് ഐസിഐസിഐ ലംബാര്‍ഡ് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭത്തിലുണ്ടായ വളര്‍ച്ച 6.6 ശതമാനമാണ്. 294 കോടി രൂപയായിരുന്നു മുന്‍ വര്‍ഷം സമാന കാലയളവിലെ ലാഭം. നേരിട്ടുള്ള മൊത്തം പ്രീമിയത്തില്‍ 9.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 4034 കോടി രൂപയാണ് കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം. തിരുത്തലുകളില്‍ പല ഘട്ടങ്ങളിലായി ഈ കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി വാങ്ങാവുന്നതാണ്.










