മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങള്‍ ശീലമാക്കി കഴിഞ്ഞു. നിഫ്‌റ്റി ഇന്ന് 14,200 പോയിന്റ് മുകളിലേക്ക് ആദ്യമായി ഉയരുന്നതിന് വിപണി സാക്ഷ്യം വഹിച്ചു. തുടര്‍ച്ചയായി പത്താമത്തെ ദിവസമാണ് ഓഹരി വിപണി നേട്ടം രേഖപ്പെടുത്തുന്നത്.
ഐടി, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളാണ് ഇന്ന് പ്രധാനമായും ഉയര്‍ന്നത്. രാവിലെ നഷ്‌ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഇടിവ് നിക്ഷേപാവസരമായി ഉപയോഗപ്പെടുത്തുകയാണ് കാളകള്‍ ചെയ്‌തത്.
നിഫ്‌റ്റി 14,215 എന്ന പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തി. 66 പോയിന്റ് ഉയര്‍ന്ന് 14199.50 ലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത് 48437ലാണ്. സെന്‍സെക്‌സ് 261 പോയിന്റ് ഉയര്‍ന്നു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് കുതിപ്പിന് പിന്നില്‍. നിഫ്‌റ്റി ഐടി സൂചിക ഇന്ന് 2.26 ശതമാനമാണ് ഉയര്‍ന്നത്.
ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, വിപ്രോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം കൊയ്‌ത നിഫ്‌റ്റി ഓഹരികള്‍. ആക്‌സിസ് ബാങ്ക് ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു.












