മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 172 പോയിന്റും നിഫ്‌റ്റി 58 പോയിന്റും നഷ്‌ടം രേഖപ്പെടുത്തി. ആഗോള സൂചനകളാണ് വിപണിയില്‍ ഇടിവ് തുടരുന്നതിന് കാരണം.
ഓഹരി വിപണി കടുത്ത ചാഞ്ചട്ടം തുടര്‍ന്നു. രാവിലെ വ്യാപാരം തുടങ്ങിയത് തന്നെ നഷ്‌ടത്തോടെയായിരുന്നു. പിന്നീട് നേട്ടത്തിലേക്ക് നീങ്ങിയെങ്കിലും മുന്നേറ്റം തുടരാനായില്ല. സെന്‍സെക്‌സ് 39,749 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 40,010 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. 39,524 പോയിന്റാണ് ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.
നിഫ്‌റ്റി 11,744 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 58 പോയിന്റ് നഷ്‌ടം നേരിടുകയായിരുന്നു. 11,606 പോയിന്റ് വരെ ഇടിഞ്ഞ നിഫ്‌റ്റിക്ക് 11,600 പോയിന്റില്‍ ശക്തമായ താങ്ങുണ്ടായി. നിഫ്‌റ്റി 11,670 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 34 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 16 ഓഹരികള്‍ മാത്രമാണ് ലാഭത്തിലായത്. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, ശ്രീ സിമന്റ്‌സ്, എച്ച്‌സിഎല്‍ ടെക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ് 3.02 ശതമാനം നേട്ടം രേഖപ്പെടുത്തി.
ബാങ്ക്, ഓട്ടോ, ഫാര്‍മ, മെറ്റല്‍ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. ഐടി മേഖല മാത്രമാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. എല്‍&ടി, ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. എല്‍&ടി 4.85 ശതമാനം നഷ്‌ടം നേരിട്ടു. ടൈറ്റാന്‍ ഇന്റസ്‌ട്രീസ്, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക് എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ ഇടിഞ്ഞു.