മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റമാണ് ഓഹരി വിപണി കാഴ്‌ച വെച്ചത്. അതേ സമയം ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടമാണ് ഇന്ന് ദൃശ്യമായത്. രാവിലെ 11,771 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി അവിടെ നിന്ന് 13,659 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും അവസാന മണിക്കൂറുകളില്‍ വീണ്ടും 11,750 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു.
20 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ് 70 പോയിന്റ് ഉയര്‍ന്ന് 46,960ല്‍ ക്ലോസ് ചെയ്തു.
ഫാര്‍മ, ഐടി ഓഹരികളാണ് ഇന്ന് ഉയര്‍ന്നത്. അതേ സമയം ബാങ്ക്, ഓട്ടോ, എഫ്‌എംസിജി ഓഹരികള്‍ ഇടിവ് നേരിട്ടു.
ഐടി ഓഹരികള്‍ ഇന്ന് ശക്തമായ മുന്നേറ്റം കാഴ്‌ച വെച്ചു. ഐടി ഭീമനായ ആക്‌സഞ്ചര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ ഫല പ്രഖ്യാപനം നടത്തിയതാണ് ഐടി ഓഹരികളുടെ വില ഉയരുന്നതിന് വഴിയൊരുക്കിയത്. ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചിക 23,408 പോയിന്റ് എന്ന റെക്കോഡ് രേഖപ്പെടുത്തി. ഇന്ന് നിഫ്‌റ്റി ഐടി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു.
നിഫ്‌റ്റിയിലെ ഭൂരിഭാഗം ഓഹരികളും നേട്ടം രേഖപ്പെടുത്തി. 50 നിഫ്‌റ്റി ഓഹരികളില്‍ 27 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 23 ഓഹരികള്‍ നഷ്‌ടത്തിലായി. ഡോ.റെഡ്‌ഢീസ് ലാബ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, സിപ്ല എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.



















